തിരുവനന്തപുരം: കേരളം ഞെട്ടിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ഇരകളായവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഫർസാനയുടെ സംസ്ക്കാരം ചിറയിൻകീഴ് കാട്ടു മുറാക്കൻ ജുമാ മസ്ജിതിൽ ഖബറടക്കി.
മറ്റ് നാല് പേരുടെയും മൃതദേഹങ്ങൾ താഴേ പാങ്ങോട് മദ്രസാഹാളിൽ പൊതുദർശനത്തിന് വെച്ചു. സംസ്ക്കാരം താഴേ പാങ്ങോട് ജുമാ മസ്ജിതിൽ നടക്കും.നൂറ് കണക്കിനാളുകളാണ് അന്തിമ യാത്രാമൊഴി നൽകാൻ എത്തി ചേർന്നത്.
ആർഭാട ജീവിതത്തിന് പണം കിട്ടാത്തതിനാലാണ് ലഹരിക്കടിമയായ അഫാൻ കൂട്ടകുരുതി നടത്തിയതെന്നാണ് പോലീസ് നിഗമനം. ദക്ഷിണമേഖലാ ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അഞ്ചുപേരും മരിച്ചത് തലയ്‌ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.
ഓരോരുത്തരുടെയും തലയില്‍ ചുറ്റിക കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. എല്ലാവരുടെയും തലയില്‍ ഒന്നിലധികം ക്ഷതങ്ങളേറ്റിട്ടുണ്ട്. അഞ്ചുപേരുടെയും തലയോട്ടി തകർന്നു. പെണ്‍സുഹൃത്തിന്റെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. അഞ്ചുപേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി.
വെഞ്ഞാറമൂട് പേരുമല ആർച്ച് ജംഗ്ഷൻ സ്വദേശിയായ സൽമാൻ അഫാൻ എന്ന 23-കാരൻ നാല് കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയുമാണ് കൊലപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട ഉമ്മ ഷമി മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുകയാണ്. ആറ് പേരെയും ചുറ്റിക കൊണ്ട് അടിച്ച് തല തകർത്ത ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു യുവാവ്. ഇളയ സഹോദരൻ അഫ്സാൻ (13 ) പിതൃമാതാവ് സൽമാബീവി ( 95) പിതൃസഹോദരൻ ലത്തീഫ് (60 ) അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി ( 55) പെണ്‍സുഹൃത്ത് ഫർസാന ( 22) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നിടങ്ങളില്‍ മൂന്ന് വീടുകളിലായിട്ടായിരുന്നു അരുംകൊലകള്‍. ഇന്നലെ മണിക്കൂറുകളുടെ ഇടവേളയില്‍ ബൈക്കില്‍ സഞ്ചരിച്ചാണ് അഞ്ച് പേരെയും പ്രതി ചുറ്റികയ്‌ക്കിരയാക്കിയത്.അപകടനില തരണം ചെയ്ത അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോലീസ് ചോദ്യം ചെയ്തു