കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറക്കാനാവില്ല, നിലപാട് മയപ്പെടുത്താതെ കേന്ദ്രം, തീർഥാടകർക്ക് തിരിച്ചടി

Advertisement

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനക്കൂലിയിൽ മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകളായ കണ്ണൂർ, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർ നൽകേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസ് ബീരാൻ എം പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടിരുന്നു. മലബാറിൽ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാർക്കാർക്ക് താങ്ങാനാവാത്ത യാത്രക്കൂലിയിൽ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ട് ഹാരിസ് ബീരാൻ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് സെക്രട്ടറിയുടെ വിശദീകരണം.

ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ കാരണം വ്യത്യസ്ത എമ്പാർക്കേഷൻ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ലന്നും കേരളത്തിലെ മറ്റു വിമാനത്തവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോഴിക്കോട്ടെ ഉയർന്ന വിമാന നിരക്കുകൾ ഭൂമിശാസ്ത്രപരമായ പരിമിതികളുടെയും (ടേബിൾ-ടോപ്പ് റൺവേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്-ബോഡി വിമാന പ്രവർത്തനങ്ങളെ തടയുന്ന റൺവേ നിയന്ത്രണങ്ങൾ, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് കാരണമാണ് യാത്രക്കൂലിയിലെ വർധനവെന്നും കേന്ദ്രം വ്യക്തമാക്കി.

കോഴിക്കോട് നിന്ന് 2024 ൽ ഹജ്ജിന് നിർദ്ദേശിക്കപ്പെട്ട തീർത്ഥാടകരുടെ എണ്ണം 9770 ആയിരുന്നു. എന്നാൽ 2025 ലെ ഹജ്ജിന് നിർദ്ദേശിക്കപ്പെട്ട തീർത്ഥാടകരുടെ എണ്ണം 5591 മാത്രമാണെന്നും കോഴിക്കോട് നിന്നുള്ള നിർദ്ദിഷ്ട തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടും വിമാനചാർജ്ജിൽ മാറ്റമില്ലതെ തുടരുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.

കൂടാതെ, ഹജ് എയർ ചാർട്ടർ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും ക്രമീകരണങ്ങൾക്കുമായി ഒരു ഹജ് എയർ ട്രാവൽ കമ്മിറ്റി (HATC) രൂപീകരിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷ കാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ, ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തുടങ്ങിയവരുടെ പ്രതിനിധികൾ ഉൾപ്പെടുത്തിയാണ് എച്ച് എ സി ടി എ രൂപീകരിച്ചതെന്നും ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഹജ് പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ പ്രസ്തുതകമ്മിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും സെക്രട്ടറി സൂചിപ്പിച്ചു.

അതേസമയം, വളരെ നിരാശാജനകവും മലബാറിലെ സാധാരണക്കാരായ ഹജ്ജ് തീർത്ഥാടകരുടെ മുഖത്തടിക്കുന്നതുമാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ മറുപടിയെന്ന് ഹാരിസ് ബീരാൻ എം പി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here