ഡാൻസ് റീലുമായി വീണ്ടും രേണു സുധി. ദാസേട്ടൻ കോഴിക്കോടിനൊപ്പം ഒരു തമിഴ് ഡാൻസ് നമ്പറുമായാണ് രേണു എത്തിയത്. സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുവടു വയ്ക്കുന്ന രേണുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മുൻപ് ഇരുവരും ചേർന്നു ചെയ്ത ഗ്ലാമർ റീൽസ് വിഡിയോക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നുവെങ്കിലും നിരവധി പേർ രേണുവിനെ പിന്തുണയ്ക്കുകയായിരുന്നു. പുതിയ വിഡിയോയ്ക്കും മികച്ച ആരാധക പിന്തുണയാണു ലഭിക്കുന്നത്.
‘ഡൈലാമോ’ എന്ന തമിഴ് സൂപ്പർഹിറ്റ് ഗാനവുമായാണ് ഇത്തവണ രേണു എത്തിയത്. ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ആയാണ് രേണു പ്രത്യക്ഷപ്പെടുന്നത്. ‘ലോഡിങ് നെക്സ്റ്റ് ബോംബ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടത്.
അഭിനയം തന്റെ ജോലിയാണെന്നും അത് ഇനിയും തുടരും എന്നുമായിരുന്നു വിമർശിക്കുന്നവർക്കുള്ള രേണുവിന്റെ മറുപടി. ‘‘എനിക്ക് ഈ റീൽസ് വിഡിയോ ഒരു മോശവുമായി തോന്നിയിട്ടില്ല. ഇതിൽ ഞാൻ കംഫർട്ട് ആണ്, അതുകൊണ്ട് ചെയ്തു. ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും. അഭിനയം എന്റെ ജോലിയാണ്,” രേണു പറഞ്ഞു.
“കാണുന്ന എല്ലാ നെഗറ്റിവ് കമന്റുകൾക്കും രേണു മറുപടി തരും. പേടിച്ചിരിക്കാൻ ഇവരുടെ ഒന്നും വീട്ടിൽ കയറി രേണു ഒന്നും മോഷ്ടിച്ചിട്ടില്ല. സുധിചേട്ടൻ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിനൊപ്പം വെബ് സീരിസിൽ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ? ഒരു നെഗറ്റിവ് കമന്റും ഞാൻ നീക്കം ചെയ്യുന്നില്ല. എന്റെ ശരി തന്നെയാണ് ഞാൻ ചെയ്യുന്നത്,” രേണു വ്യക്തമാക്കി.
കൊച്ചിൻ സംഘമിത്രയുടെ നാടകമായ ‘ഇരട്ട നഗരത്തിൽ’ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് രേണു. ജീവിക്കാനായി അഭിനയരംഗത്ത് ചുവടുറപ്പിക്കുകയാണെന്ന് മുൻപ് രേണു വെളിപ്പെടുത്തിയിരുന്നു.