ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും തർക്കം ഫിലിം ചേമ്പർ ഇടപെട്ട് ഒത്തുതീർപ്പാക്കി

Advertisement

കൊച്ചി. ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും തമ്മിലുള്ള തർക്കം ഫിലിം ചേമ്പർ ഇടപെട്ട് ഒത്തുതീർപ്പാക്കി. ജി സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചു. അതേസമയം സിനിമ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.

ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന എമ്പുരാൻ സിനിമയുടെ ബജറ്റ് വിവരങ്ങൾ ജി സുരേഷ് കുമാർ പുറത്തുവിട്ടതോടെയാണ് തർക്കങ്ങൾക്ക് തുടക്കം.
പ്രകോപിതനായ ആന്റണി പെരുമ്പാവൂർ ജി സുരേഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
പിന്നാലെ പിന്തുണയുമായി മോഹൻലാൽ അടക്കമുള്ള പ്രമുഖ താരങ്ങളും രംഗത്തെത്തി. ജി സുരേഷ് കുമാറിനൊപ്പം നിർമ്മാതാക്കളുടെ സംഘടനയും മറ്റു നിർമാതാക്കളും ചേർന്നതോടെ സിനിമാ മേഖലയിൽ ചേരിപ്പോരും കനത്തു. പോസ്റ്റ് പിൻവലിച്ച് ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്നായിരുന്നു കഴിഞ്ഞദിവസം ഫിലിം ചേംബർ ആന്റണി പെരുമ്പാവൂരിന് നൽകിയ നിർദ്ദേശം. ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ പോസ്റ്റ് പിൻവലിച്ചത്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ പിൻവലിക്കുന്നതായി ജി സുരേഷ്കുമാറും ചേമ്പറിനെ അറിയിച്ചു. അതേസമയം വിവിധ വിഷയങ്ങളുയർത്തി ജൂൺ ഒന്നിന് നടത്തുന്ന സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. സൂചന പണിമുടക്കിന്റെ തീയതി പ്രഖ്യാപിക്കാൻ മാർച്ച്‌ അഞ്ചിന് കൊച്ചിയിൽ സംഘടനകളുടെ യോഗം ചേരും. ഇരട്ട നികുതിയിൽ ഇളവ് ആവശ്യപ്പെട്ടും താരങ്ങളുടെ വൻ പ്രതിഫലം കുറക്കണം എന്നാവശ്യപ്പെട്ടുമാണ് സിനിമ സമരം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here