2025 ഫെബ്രുവരി 27 വ്യാഴം
BREAKING NEWS
മനുഷ്യ വന്യ ജീവി സംഘർഷം ചർച്ച
ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
ഫിഷറീസ് കോൺഫെഡറേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ തീരദേശ ഹർത്താൽ പുരോഗമിക്കുന്നു.
അസമിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 2.15 നായിരുന്നു ഭൂചലനം
മലപ്പുറത്ത് കാട്ടാന സെപ്റ്റിക്ക് ടാങ്കിൽ വീണ് ചരിഞ്ഞു

വഖബ് ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. അടുത്തയാഴ്ച ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കും.
മുൻ എംഎൽഎയും സി പി ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജു (74) അന്തരിച്ചു.
പത്തനംതിട്ട കൂടലിൽ 14 കാരൻ മകനെ ബൽറ്റ് കൊണ്ട് മർദിച്ച പിതാവ് രാജേഷിനെതിരെ പോലീസ് കേസ്സെടുത്തു

കേരളീയം
കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് വരും ദിവസങ്ങള്‍ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ സംസ്ഥാനത്ത് വേനല്‍മഴ എത്തുമെന്നാണ് വ്യക്തമാകുന്നത്. ഇത് പ്രകാരം ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
18-ാം ദിവസത്തിലേക്ക് കടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ വീണ്ടും നടപടിയുമായി പൊലീസ്. മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേര്‍ന്ന് നടത്തുന്ന സമരം നിര്‍ത്തമെന്നാവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയത്.

ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതില്‍ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് നിരീക്ഷിച്ചു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കുമെന്നും മാറ്റിയാല്‍ എന്താണ് കുഴപ്പമെന്നും ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

പോഡ്കാസ്റ്റിലെ നിലപാടിലുറച്ച് ശശി തരൂര്‍. 15 ദിവസങ്ങള്‍ക്കുള്ളില്‍ നിലപാട് മാറില്ലെന്നും എന്നാല്‍ ഒരിക്കല്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുന്നില്ലെന്നും പോഡ്കാസ്റ്റ് കേള്‍ക്കാതെയാണ് പലരും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
ശശി തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും പാണക്കാട് സാദിഖലി തങ്ങള്‍. തരൂരിനെ പ്രയോജനപ്പെടുത്താന്‍ പറ്റുമെന്നും ക്രൗഡ് പുള്ളര്‍ ആയ രാഷ്ട്രീയ നേതാവാണ് തരൂരെന്നും മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണമെന്നും തെരെഞ്ഞെടുപ്പിന് ഇനി അധികം സമയം ഇല്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പോര്‍ട്ടല്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായതായി എംവിഡി. ഇതിനാല്‍ ഫെബ്രുവരി 22 മുതല്‍ 27 വരെയുള്ള കാലയളവില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കുമെന്ന് എംവിഡി അറിയിച്ചു.
സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ഇന്റര്‍നെറ്റ് ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെഫോണ്‍ പദ്ധതി, ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകള്‍ കൂടി നല്‍കി വിപുലീകരണത്തിലേക്ക്.

മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞു. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുത്ത് കേരളത്തെ പ്രശംസിച്ചുള്ള കേന്ദ്ര മന്ത്രി ജയന്ത് ചൗധരിയുടെ പ്രസംഗത്തിലെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയെ ഡെവലപ്പ് ചെയ്യുന്നതിനുള്ള ഗേറ്റ് വേ കേരളമാണെന്നാണ് കേന്ദ്ര സ്‌കില്‍ ഡെവലപ്മെന്റ് & എന്റര്‍പ്രണര്‍ഷിപ്പ് സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞത്.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതിയായ അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് വെള്ളനാട്ട് പത്ത് വയസ്സുകാരി ശുചിമുറിയില്‍ തൂങ്ങി മരിച്ചത് സഹോദരിയോട് പിണങ്ങിയ ശേഷമെന്ന് വിവരം. വെള്ളനാട് കൊളക്കോട് അനുഭവനില്‍ ദില്‍ക്ഷിതയാണ് മരിച്ചത്.

കോട്ടയത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി സി പി സജയനെയാണ് അറസ്റ്റ് ചെയ്തത്.
ദേശീയം
രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നു. അസംഘടിത മേഖലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

പത്താം ക്ലാസില്‍ രണ്ട് ബോര്‍ഡ് പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ മറ്റൊരു അവസരം നല്‍കാനാണെന്ന് സിബിഎസ്ഇ ചെയര്‍പേഴ്സണ്‍ രാഹുല്‍ സിംഗ്.
സിബിഎസ്ഇ സ്‌കൂളുകളുടെ അഫിലിയേഷന്‍ നിബന്ധനകളില്‍ ഇളവ്. ഒരേ പേരും അഫിയിലിയേഷന്‍ നമ്പറും ഉപയോഗിച്ച് സ്‌കൂളുകളുടെ ശാഖകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതാണ് പ്രധാന പരിഷ്‌കരണം.

ദില്ലി സാകേത് സെലക്റ്റ് സിറ്റി മാളില്‍ തിയേറ്ററില്‍ തീപിടുത്തം. പിവിആര്‍ തിയേറ്ററിലാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചതോടെ തീ നിയന്ത്രണ വിധേയമായി. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ 23 കോടിയുടെ ക്രിപ്റ്റോ കറന്‍സി കണ്ടുകെട്ടി സിബിഐ. ദില്ലി, പൂനെ, മുംബൈ ഉള്‍പ്പെടെ 60 സ്ഥലങ്ങളില്‍ നടന്ന പരിശോധനയിലാണ് ഡിജിറ്റല്‍ കറന്‍സികള്‍ പിടികൂടിയത്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് പുറമെ ഡിജിറ്റല്‍ രേഖകളും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹര്‍ജിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബി ജെ പി നേതാവ് ആശ്വനി കുമാര്‍ ഉപാധ്യായ നല്‍കി ഹര്‍ജിയിലാണ് കേന്ദ്ര മറുപടി.
അരവിന്ദ് കെജ്രിവാള്‍ രാജ്യസഭയിലേക്ക് എന്ന ആഭ്യൂഹം തള്ളി ആം ആദ്മി പാര്‍ട്ടി. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ രാജ്യസഭ എം പി സഞ്ജീവ് അറോറയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് അഭ്യൂഹം ശക്തമായത്.

ഡല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. കോളേജ് മെസില്‍ മാംസാഹാരം നല്‍കിയത് എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് എസ്എഫ്ഐ ആരോപിച്ചു. ശിവരാത്രി ദിനത്തില്‍ മാംസാഹാരം നല്‍കാന്‍ പാടില്ലെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.
മധ്യപ്രദേശിലെ ഭോപാലില്‍ വെച്ച് നടന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കിടെ ഭക്ഷണ പാത്രത്തിന് വേണ്ടി പൊരിഞ്ഞ അടി. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോകള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഉച്ചഭക്ഷണത്തിനായെത്തിയ പ്രതിനിധികള്‍ ഭക്ഷണ പാത്രങ്ങള്‍ സ്വന്തമാക്കുന്നതിനായി തിക്കും തിരക്കും കൂട്ടുന്നതും ഇതിനിടെ പ്ലേറ്റുകള്‍ താഴെ വീണ് പൊട്ടിത്തെറിക്കുന്നതും വീഡിയോയില്‍ കാണാം.

അന്തർദേശീയം
നാറ്റോ സൈനിക സഖ്യത്തില്‍ അംഗത്വം നേടാനുള്ള താല്‍പര്യം യുക്രെയ്ന്‍ മറക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി നാളെ യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് ഡോണള്‍ഡ് ട്രംപ് നിലപാട് .
പ്രതിരോധ ചെലവ് കുത്തനെ കുറയ്ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം സ്വാഗതം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ ചെലവ് പാതിയായി കുറയ്ക്കണമെന്നാണ് ട്രംപ് ആഹ്വാനം ചെയ്തത്.

സുഡാനിലെ ഖാര്‍തുമില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 46 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍തുമിലെ ഒംദുര്‍മന്‍ നഗരത്തിന് സമീപമുള്ള സൈനിക വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.
കായികം
രഞ്ജി ട്രോഫി ഫൈനലില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വിദര്‍ഭ കേരളത്തിനെതിരെ പിടിമുറുക്കുന്നു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ വിദര്‍ഭ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്.

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റണ്‍സിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്.