നിലമ്പൂർ ചോളമുണ്ടയിൽ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണ് കാട്ടാന ചരിഞ്ഞു. കസേരക്കൊമ്പൻ എന്ന ആനയാണ് ചരിഞ്ഞത്. ആനയുടെ പ്രായാധിക്യവും പഴയ മുറിവുകളുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആനയ്ക്ക് കയറി പോകാവുന്ന വലിപ്പമേ കുഴിക്ക് ഉണ്ടായിരുന്നുള്ളൂ. ചോളമുണ്ട ഇഷ്ടിക കളത്തിനോട് ചേർന്ന ഖാദർ എന്നയാളുടെ സ്ഥലത്താണ് പുലർച്ചെ നാലുമണിയോടെ ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം ജഡം കരുളായി വനത്തിലേക്ക് മാറ്റി. വനത്തിൽ വച്ച് പോസ്റ്റുമോർട്ടം നടപടികൾ നടന്നു.
രണ്ടുമാസത്തിലേറെയായി ജനവാസ മേഖലയിൽ തമ്പടിച്ച ആനയായിരുന്നു കസേരക്കൊമ്പൻ. 40 വയസ്സോളം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. കൊമ്പിന്റെ ആകൃതി കൊണ്ടാണ് കസേരക്കൊമ്പൻ എന്ന വിളിപ്പേര് വന്നത്.
Rep.image