താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം: പത്താം ക്ലാസുകാരൻ മരിച്ചു

Advertisement

കോഴിക്കോട്: താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ തലയ്ക്കു പരുക്കേറ്റ വിദ്യാർഥി മരിച്ചു. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്.

പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഷഹബാസ് ഇന്നു പുലർച്ചെ ഒന്നിനാണു മരിച്ചത്. ഞായറാഴ്ച ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണിൽ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു.

എംജെ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും വിദ്യാർഥികൾ കൂകിയതാണു പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനു പകരം വീട്ടാൻ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ കുട്ടികളെ വിളിച്ചു വരുത്തിയാണ് അടിക്കാൻ എത്തിയത്.

ട്യൂഷൻ സെന്റർ വിദ്യാർഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്നു പിതാവ് സ്ഥിരീകരിച്ചിട്ടുണ്ട്. പുറമേ കാര്യമായ പരുക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛർദിച്ചതോടെയാണ് വീട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

നില വഷളായതിനെ ത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. താമരശ്ശേരി സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here