വാർത്താനോട്ടം

Advertisement

2025 മാർച്ച് 01 ശനി
BREAKING NEWS
👉സ്ക്കൂട്ടിൽ പോയ ദമ്പതിമാർക്ക് നേരെ കണ്ണൂർ ആറളത്ത് വീണ്ടും കാട്ടാന ആക്രമണം;ബ്ലോക്ക് 13 ലെ ഷിജു, അമ്പിളി ദമ്പതിമാർക്ക് പരിക്കേറ്റു. സ്കൂട്ടർ കാട്ടാന തകർത്തു


👉താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു.

👉 താമരശ്ശേരി എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്.

👉 സംഭവത്തിൽ അറസ്റ്റിലായ 5 വിദ്യാർത്ഥികൾക്ക് നേരെ കൊലക്കുറ്റം ചുമത്തി കേസ്സെടുത്തു.


👉 പോലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി, പോസ്റ്റ് മാർട്ടം രാവിലെ 11 മണിയോടെ നടക്കും

👉സംഭവത്തിൽ അറസ്റ്റിലായ വിദ്യാർത്ഥികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി.


🌴🌴കേരളീയം🌴🌴

🙏മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റവന്യു-ഭവന വകുപ്പ് മന്ത്രി കെ രാജന്‍.



🙏കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മകനെ ക്രൂരമായി മര്‍ദിച്ചുവെന്ന് താമരശ്ശേരി സംഘര്‍ഷത്തില്‍ മരണപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ  പിതാവ് ഇക്ബാല്‍. മര്‍ദനമേറ്റ് തിരിച്ചെത്തിയ മകന്‍ വീട്ടിലെത്തി ഛര്‍ദ്ദിച്ചെന്നും മര്‍ദ്ദിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പിതാവ്  പറഞ്ഞു.



🙏കൊല്ലം മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു. മണ്‍റോ തുരുത്ത് സ്വദേശി സുരേഷാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.30 ഓടെയാണ് സംഭവമുണ്ടായത്. സുരേഷിന്റെ വീടിന് സമീപത്തുള്ള അമ്പാടി എന്ന യുവാവാണ് വെട്ടിയത്.

🙏സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് 20 ദിവസത്തിലേക്ക് കടന്നു. അതിനിടെ ആശാവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പുതിയ ഹെല്‍ത്ത് വോളണ്ടിയര്‍മാരെ തേടി എന്‍ എച്ച് എം സ്റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി.

🙏കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യം
വേണമെന്ന് ഹൈക്കമാന്‍ഡ്. മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഹൈക്കമാന്‍ഡ് പൂര്‍ണ നിരീക്ഷണം നടത്തുമെന്നും യോഗത്തില്‍ നേതൃത്വം വ്യക്തമാക്കി.

🙏കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും.


🙏എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പറില്‍ ലഭിക്കുമെന്ന് കേരള പൊലീസ്. പൊലീസ്, ഫയര്‍, ആംബുലന്‍സ് എന്നിങ്ങനെ  എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS  സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.

🙏 കെഎസ്ആര്‍ടിസി എറണാകുളം ബസ് സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃ സൗഹൃദ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചു വരികയാണ്.


🙏 കോട്ടയം ഗവമെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. പ്രതികളായ സാമുവല്‍ ജോണ്‍സണ്‍, രാഹുല്‍ രാജ്, എസ്എന്‍ ജീവ, എന്‍ വി വിവേക്, റിജില്‍ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നലെ വാദം കേട്ടു.


🙏 ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. പൊലീസിന്റെ റിപ്പോര്‍ട്ടിന്മേല്‍ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്.


🙏 സീരിയലുകള്‍ക്ക് പിന്നാലെ സിനിമകള്‍ക്കെതിരെയും വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. വര്‍ത്തമാന സിനിമകള്‍ മനുഷ്യരുടെ ഹിംസകളെ ഉണര്‍ത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ ആരോപിച്ചു.

🙏പത്താം ക്ലാസ് സെന്റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാന്‍ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

🙏 ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ മര്‍ദിച്ച നൈജീരിയ സ്വദേശിയായ തടവുകാരിയെ ജയില്‍ മാറ്റി. കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ന്‍ ജൂലിയെ മാറ്റിയത്. ജൂലിയെ മര്‍ദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.

🙏 കാറില്‍ യാത്ര ചെയ്യുകയായിരുന്ന കോളേജ് അധ്യാപകനെയും  മകനേയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് പരാതി. പാലോട് റെയ്ഞ്ച് ഓഫീസര്‍ ക്രൂരമായി മര്‍ദിച്ചെന്ന അധ്യാപകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വനം വകുപ്പ് റെയ്ഞ്ച് ഓഫീസറുടെ പേരില്‍ കേസ് എടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.



🙏 അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

🇳🇪 🇳🇪  ദേശീയം  🇳🇪 🇳🇪


🙏 പൂനെയില്‍ മഹാരാഷ്ട്ര ആര്‍ടിസി ബസില്‍  26 കാരി ക്രൂര ബലാത്സംഗത്തിനിരയായ കേസില്‍ പിടിയിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്താനൊരുങ്ങി പൊലീസ്. പ്രതി ദത്താത്രയ രാംദാസ് ഗുഡെ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.


🙏ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ രക്ഷപ്പെടുത്തി. 25 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ചൈനീസ് അതിര്‍ത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.


🇦🇺  അന്തർദേശീയം  🇦🇽

🙏ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാന്‍. മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാന്‍ വ്യക്തമാക്കിയത്.



🙏 വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ മദ്രസയില്‍ ജുമ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്.

🙏 ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ധാരണയായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും വെള്ളിയാഴ്ച നടത്തിയ കൂടികാഴ്ചയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു. യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ക്കും വിസ്‌കികള്‍ക്കും വൈനുകള്‍ക്കും ഇന്ത്യന്‍ തീരുവ കുറയ്ക്കണമെന്ന് നേരത്തെ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.



🙏 യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയില്‍ വാക്കേറ്റവും വെല്ലുവിളിയും. ഇതേ തുടര്‍ന്ന് ചര്‍ച്ച അലസിപ്പിരിഞ്ഞു. ഓവല്‍ ഓഫിസില്‍ നടന്ന നാടകീയമായ ചര്‍ച്ചയ്ക്കിടെ വൊളോഡിമര്‍ സെലെന്‍സ്‌കിയുമായി അതിരൂക്ഷ തര്‍ക്കത്തെ തുടര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം ഡൊണള്‍ഡ് ട്രംപ് റദ്ദാക്കി.


🏏🏏  കായികം  🏏🏏


🙏 ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയിലെ ഓസ്‌ട്രേലിയ-അഫ്ഗാനിസ്താന്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങിനിടെയാണ് മഴയെത്തിയത്. മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അതോടെ ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമിയിലെത്തി.



🙏ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്താനോട് തോറ്റ് പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ജോസ് ബട്‌ലര്‍. ഏകദിന-ടി20 നായകസ്ഥാനമാണ് ഒഴിഞ്ഞത്. ഇംഗ്ലണ്ടിന്റെ നായകസ്ഥാനം രാജിവെയ്ക്കുകയാണെന്ന് ബട്‌ലര്‍ അറിയിച്ചു.

Advertisement