ആക്രമണക്കേസിലെ പ്രതിയെ തേടി പൊലീസെത്തി, കണ്ടത് തടങ്കലിൽ കിടക്കുന്ന യുവതിയെ; അറസ്റ്റ്

Advertisement

പുതുക്കാട്: ആക്രമണക്കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് തടങ്കലിൽ കിടക്കുന്ന യുവതിയെ. ഗുരുതര പരുക്കുകളോടെ ഒരു മണിക്കൂറോളം തടവിൽക്കിടന്ന് അവശയായ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പാലിയേക്കരയിൽ കോഫി ഷോപ് ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ വ്യാഴാഴ്ച രാത്രി 11നു ഗോപകുമാർ, അഭിനാഷ്, ജിതിൻ എന്നിവർ ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവർ അമിതമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. ഷോപ്പിൽ തിരക്കു നിയന്ത്രിക്കുവാൻ ഏർപ്പെടുത്തിയിരുന്ന ടോക്കൺ എടുക്കനാവശ്യപ്പെട്ട ജീവനക്കാരനായ അബ്‌ദുലിനെ പ്രകോപിതരായ യുവാക്കൾ ക്രൂരമായി ആക്രമിച്ചു.

പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇന്നലെ കല്ലൂരിലെ ഗോപകുമാറിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മനക്കൊടി സ്വദേശിനിയായ യുവതിയെ തടവിലിട്ട നിലയിൽ കണ്ടെത്തിയത്. മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു മൊഴിയെടുത്തപ്പോഴാണ് വണ്ടിയിടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടുപോയതാണെന്നു മനസ്സിലായത്. ചില സാമ്പത്തിക ഇടപാടുകളുടെ പേരിലായിരുന്നു അക്രമം. അഖിൽ എന്നയാളുമായി ചേർന്ന് ഗോപകുമാർ തൃശൂരിൽ സ്പാ നടത്തിയിരുന്നു. ഇതിന്റെ കണക്കുകൾ സംബന്ധിച്ച തർക്കം തീർക്കാൻ ഇന്നലെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് അഖിൽ എത്തിയില്ല. ഈ വൈരാഗ്യത്തിനാണ് അഖിലിന്റെ സുഹൃത്തായ യുവതിയെ തട്ടിക്കൊണ്ടുപോയത്.

മൂന്ന് മണിയോടെ പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിനു സമീപം സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തി കടത്തികൊണ്ടുപോവുകയായിരുന്നു. ഇവരുടെ നാല് പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ കവരുകയും മൊബൈൽ ഫോൺ തല്ലി പൊട്ടിക്കുകയും ചെയ്തു. രണ്ട് കേസുകളിലുമായി അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഫിഷോപ് ജീവനക്കാരനെ ആക്രമിച്ച കേസിൽ കല്ലൂർ നായരങ്ങാടി താഴേക്കാട് ഗോപകുമാർ (ഗോപു-43), മേലൂർ ചേലയാർകുന്നിൽ അഭിനാഷ് പി.ശങ്കർ (30), ആമ്പല്ലൂർ പുതുശേരിപ്പടി ജിതിൻ ജോഷി (27) എന്നിവരും യുവതിയെ തട്ടികൊണ്ടുപോകുന്ന സമയത്ത് ഇവരോടൊപ്പമുണ്ടായിരുന്ന കോഴിക്കോട് മേലൂർ ആതിര (30), തിരുവനന്തപുരം വെള്ളറട അഞ്ജു (30) എന്നിവരും അറസ്റ്റിലായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here