റെയില്‍വേ പാളത്തില്‍ കല്ലു വെച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമം. കോട്ടയത്ത് 62-കാരനായ ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. ഇയാളെ റെയിൽവേ സുരക്ഷാസേന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഝാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്ങിനെയാണ് പിടികൂടിയത്.
കോട്ടയം–ഏറ്റുമാനൂർ സെക്‌ഷനിൽ നിരന്തരം ട്രാക്കുകളിൽ കല്ലു വയ്ക്കുന്നതു കണ്ടെത്തിയതോടെ റെയിൽവേ സുരക്ഷാസേന രഹസ്യ നിരീക്ഷണം ആരംഭിച്ചിരുന്നു. പരിശോധനയിൽ ഏറ്റുമാനൂരിനു സമീപം രണ്ടിടങ്ങളിൽ പാളത്തിൽ കല്ലെടുത്തുവച്ചതു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവകുമാർ സിങ്ങാണ് പാളത്തില്‍ കല്ലുകള്‍ വെക്കുന്നതെന്ന് കണ്ടെത്തി.
മകന്റെ മർദനം സഹിക്കാനാവാതെ ട്രെയിൻ കയറി കേരളത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. പിന്നീട് നാട്ടിലേക്കു മടങ്ങണമെന്നും മക്കളെ കാണണമെന്നും തോന്നിയതോടെ പാളത്തിൽ കല്ലെടുത്തുവച്ച് ട്രെയിൻ നിർത്താൻ ശ്രമിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ശിവകുമാർ സിങ്ങിനെ ചികിത്സയ്ക്കായി പുനരധിവാസകേന്ദ്രത്തിലാക്കി.