25 അടി ആഴം, കിണറിലെ മോട്ടർ ഹോസില്‍ തൂങ്ങിപ്പിടിച്ച് താഴോട്ട്; നാലര വയസ്സുകാരന് രക്ഷാകരം: ‘മിന്നൽ മുത്തശ്ശി’

Advertisement

പുന്നയൂർക്കുളം (തൃശൂർ): 25 അടി താഴ്ചയിൽ എട്ടരയടി വെള്ളമുള്ള കിണർ 63കാരി സുഹറയെ പേടിപ്പിച്ചില്ല. മുന്നിലുണ്ടായിരുന്നത് മുങ്ങിത്താഴുന്ന നാലര വയസ്സുകാരന്റെ മുഖം മാത്രം. മിന്നൽ വേഗത്തിൽ മോട്ടറിന്റെ ഹോസ് കെട്ടിയ കയറിൽ തൂങ്ങി കിണറ്റിൽ ഇറങ്ങി അവനെ കോരിയെടുത്തു. ജീവിതത്തിലേക്ക് ഒരു അതിവേഗ തിരിച്ചുവരവ്.

വടക്കേക്കാട് മണികണ്ഠേശ്വരം കിഴക്ക് തെക്കേപാട്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് (63) ഭർതൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഹൈസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മോട്ടർപുരയുടെ മുകളിൽ വീണ നെല്ലിക്ക പെറുക്കാൻ കിണറിന്റെ ആൾമറയിൽ ചവിട്ടി കയറിയപ്പോഴാണ് മുഹമ്മദ് ഹൈസിൻ കിണറ്റിലേക്ക് വീണത്. ഈ സമയം സുഹറയുടെ മകന്റെ മകൾ ഫിൻസയും (7) ഭർത്താവിന്റെ മറ്റൊരു സഹോദരന്റെ മകൻ ബാരിഷും (7) മോട്ടർപുരയുടെ മുകളിൽ ആയിരുന്നു. ഇവരാണ് സുഹറയെ വിവരം അറിയിച്ചത്.

കിണറ്റിൽ ഇറങ്ങി കുട്ടിയെ വെള്ളത്തിൽ നിന്നു കോരിയെടുത്തെങ്കിലും ശരീരം തളർന്ന് മുകളിലേക്ക് കയറാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സുഹറ. കുട്ടിയെ മാറത്തണച്ച് കിണർ റിങ്ങിൽ പിടിച്ച് 10 മിനിറ്റോളം വെള്ളത്തിൽ കിടന്നു. കുട്ടികളുടെ വിളികേട്ട് ഓടിയെത്തിയ ബന്ധു അഷ്കർ ആണ് കിണറ്റിൽ ഇറങ്ങി സുഹറയെയും ഹൈസിനെയും കരയ്ക്ക് കയറ്റിയത്. ഹൈസിനു ചെവിയിൽ നിസ്സാര പരുക്കേയുള്ളൂ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here