തൊടുപുഴ: പെൺസുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പൊല്ലാപ്പായി; എഎസ്ഐക്ക് സസ്പെൻഷൻ. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.എൽ.ഷാജിയെയാണ് ഡിഐജി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മൂന്ന് വർഷം മുൻപ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ സ്ത്രീയുമായി എഎസ്ഐ സൗഹൃദത്തിലായി. ഈയിടെ, വിദേശത്ത് ജോലി ചെയ്യുന്നയാളുടെ ഭാര്യയുമായും സൗഹൃദത്തിലായി. ഇവർ രണ്ടുപേരും തമ്മിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നേര്യമംഗലം ടൗണിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തി.
ഇതു സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ജില്ലാ പൊലീസ് മേധാവി എഎസ്ഐയെ ഇടുക്കി എആർ ക്യാംപിലേക്കു സ്ഥലംമാറ്റി. എന്നാൽ ക്യാംപിലേക്കു പോകാൻ കൂട്ടാക്കാതെ എഎസ്ഐ അവധിയിൽ പ്രവേശിച്ചു. ഇതിനിടെ ഡിഐജിക്ക് ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.