കൊച്ചി. എഡിഎം നവീന്‍ബാബുവിന്‍റെ മരണം,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയും തള്ളി ഹൈക്കോടതി ആവശ്യവും അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കോടതിവിധിയിൽ ദുഃഖമുണ്ട്. ആലോചിച്ച് അടുത്ത തീരുമാനമെടുക്കും എന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന സഹോദരന്‍ പ്രവീണ്‍ബാബു. പൊലീസില്‍നിന്ന് സഹായകരമായി ഒരു നീക്കവുമില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്‍റേത്. കേരള പൊലീസില്‍ വിശ്വാസമില്ല. സഹായിക്കുന്നവരെ തളര്‍ത്താന്‍ ശ്രമിക്കുന്നു. അനാവശ്യ പ്രചരണങ്ങള്‍ നടക്കുന്നു.അതിനെതിരെ നിയമ നടപടിയുണ്ടാകും
നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു.
ജസ്റ്റിസുമാരായ പിബി സുരേഷ്കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സിബിഐ അന്വേഷണാവശ്യം തള്ളിയത്. പോലീസ് അന്വേഷണം സുതാര്യമല്ലെന്നോ ഏകപക്ഷീയമാണെന്നോ കരുതാനാവില്ല.
അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള തരത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസല്ല ഇത്. അന്വേഷണത്തിൽ ഇടപെടാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ പ്രേരിപ്പിക്കുന്ന തരത്തിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കേസുമല്ല.കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാവുന്ന കേസാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇരയ്ക്ക് സംശയം തോന്നുന്നതിനാലും, വ്യക്തിപരമായ വികാരങ്ങൾ കണക്കിലെടുത്തും
അന്വേഷണം കൈമാറാൻ കഴിയില്ല.
കൃത്യമായ കാരണങ്ങൾ ഇല്ലാതെ കേസുകൾ കൈമാറിയാൽ സാധാരണ നിയമ പ്രക്രിയയിലുള്ള വിശ്വാസം പൊതുജനത്തിന് നഷ്ടപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്‍ക്വസ്റ്റില്‍ പിഴവുണ്ടെന്ന് കേസ് ഡയറിയിലൂടെ കണ്ടെത്താനായില്ലെന്നും ആത്മഹത്യയോ കൊലപാതകമോ എന്ന അന്തിമ തീരുമാനത്തില്‍ എസ്‌ഐടി എത്തിയിട്ടില്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ട്. അതേസമയം കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കില്ലെന്ന് മഞ്ജുഷയും, സുപ്രീംകോടതിയെ സമീപിക്കുമെന്ന് നവീൻബാബുവിന്റെ സഹോദരൻ പ്രവീൺബാബും പ്രതികരിച്ചു.
ഇതിനിടെ കെ നവീൻബാബുവിന്റെ സഹോദരനെതിരെ സോഷ്യൽ മീഡിയ വഴി അപവാദ പ്രചാരണം നടത്തുന്നുവെന്ന് നവീൻ ബാബുവിന്റെ മകൾ ആരോപിച്ചു. കോടതി വിധിക്ക് പിന്നാലെ പോരാട്ടം തുടരുക തന്നെ ചെയ്യും എന്ന് അവസാനിക്കുന്ന കവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പി പി ദിവ്യയും രംഗത്തെത്തി.