ഇടുക്കി. വണ്ടിപ്പെരിയാർ ഗ്രാംബിയിൽ ജനവാസ മേഖലയോട് ചേർന്ന് കടുവ ഇറങ്ങി. മറയൂരിൽ യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു. പാലക്കാട് തൃത്താല പണിക്കർ പടിയിൽ നടു റോഡിൽ പന്നിക്കൂട്ടം ഇറങ്ങി. വയനാട് മേപ്പാടി നെടുമ്പാല എസ്റ്റേറ്റിൽ കെണിയിൽ നിന്നു രക്ഷപെടുത്തിയ പുലിയെ ഉൾകാട്ടിൽ തുറന്നു വിട്ടു.
ഇന്നലെ വൈകിട്ടാണ് ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ജനവാസ മേഖലയോട് ചേർന്ന് കടുവയെ കണ്ടത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ജെസിബി ഓപ്പറേറ്ററാണ് കടുവയെ കണ്ടതും ദൃശ്യങ്ങൾ പകർത്തിയതും. അരമണിക്കൂറോളം ജനവാസ മേഖലയിൽ തുടർന്ന കടുവ പിന്നീട് സ്വമേധയാ കാടുകയറി.
മറയൂരിൽ വീട്ടുമുറ്റത്ത് നിന്ന യുവാവിനെയാണ് രാവിലെ കാട്ടുപോത്ത് ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ മറയൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉതുമൽപേട്ടയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാത്രി പത്തരയോടെയാണ് പാലക്കാട് തൃത്താല പണിക്കർ പടിയിൽ കാട്ടുപന്നിക്കൂട്ടം നടുറോഡിൽ ഇറങ്ങിയത്. വാഹനങ്ങൾ ഒതുക്കിനിർത്തിയതോടെ പന്നികൾ കൂട്ടത്തോടെ ഓടിപ്പോയി.
വയനാട് മേപ്പാടി നെടുമ്പാല എസ്റ്റേറ്റിൽ കെണിയിൽ നിന്നു രക്ഷപെടുത്തിയ പുലിയെ ഉൾകാട്ടിൽ തുറന്നു വിട്ടു. 2 വയസുള്ള ആൺപുലിയെ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് തുറന്നു വിട്ടത്. മലപ്പുറം കരുളായി ഉൾവനത്തിൽ കരിംപുലിയെ ചത്ത നിലയിൽ കണ്ടെത്തി.വനം വകുപ്പ് വാച്ചർ മാരാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.