തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ .രാമപുരം സ്വദേശി പ്രവീൺ ആണ് നെയ്യാറ്റിൻകര പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്.
സംസ്ഥാനത്തെ കോളേജുകളിലും സ്‌കൂളുകളിലും വിതരണം ചെയ്യുന്നതിനായി അന്യസംസ്ഥാനങ്ങളിൽ നിന്ന്
കഞ്ചാവ് ഉൾപ്പെടെയുള്ള രഹിവസ്തുക്കൾ എത്തിക്കുന്ന രാമപുരം സ്വദേശി പ്രവീണിനെയാണ് നെയ്യാറ്റിൻകര പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. 2009 മുതൽ കേരളത്തിലാകമാനം ലോറികളിൽ സ്‌പിരിറ്റ് കടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ പ്രവീൺ.
ആഡംബര കാറുകളിൽ ആന്ധ്രപ്രദേശിലെ ഉൾവന മേഖലകളിൽ നിന്നും 100 കിലോയ്ക്ക് മുകളിൽ കഞ്ചാവ് കടത്തിക്കൊണ്ട് വരികയും കേരള തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ ഗോഡൗണുകളിൽ ഇറക്കി കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് 10 കിലോ 15 കിലോ എന്ന രീതിയിൽ വിതരണം ചെയ്യുന്നതാണ് പ്രതിയുടെ രീതി.ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങിയ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടയുമായ ശാന്തിഭൂഷനെ കഴിഞ്ഞമാസം 10 കിലോ കഞ്ചാവുമായി ആറാലുംമൂട് വച്ച് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ശാന്തി ഭൂഷനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രവീണിനെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.. പിന്നാലെ രഹസ്യ നീക്കത്തിലൂടെയാണ് നെയ്യാറ്റിൻകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.