കോഴിക്കോട്. താമരശേരി മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ കണ്ടെത്തിയ നഞ്ചക് ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കി. സമരപരമ്പരകൾക്കിടെ പ്രതികളായ 5 വിദ്യാർത്ഥികൾ എസ് എസ് എൽ സി പരീക്ഷയെഴുതി. വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിൽ പ്രത്യേകം സജ്ജികരിച്ച സെൻ്ററിലാണ് പരീക്ഷ നടന്നത്. സെൻ്ററിലേക്ക് പ്രതിപക്ഷ യുവജന , വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ നഞ്ചക്കും മറ്റു പ്രതികളുടെ മാതാപിതാക്കളിൽ നിന്നും പിടിച്ചെടുത്ത നാല് മൊബൈൽ ഫോണും ഒരു ലാപ്ടോപ്പും അടക്കമാണ് കോടതിയിൽ ഹാജരാക്കിയത്. താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രെറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷയെഴുതിച്ചതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ മാർച്ച് ജുവനൈൽ ഹോമിലേക്ക് നടന്നു. കെ എസ് യു യൂത്ത് കോൺഗ്രസ് – എം എസ് എഫ് പ്രവർത്തകർ പല തവണ പ്രതിഷേധിച്ചു. രണ്ട് തവണ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് മതിൽ ചാടിയ പ്രവർത്തകർ ഉൾപ്പെടെ 80 പേരെ അറസ്റ്റ് ചെയ്ത് നീക്കി.
ഇന്നത്തെ പരീക്ഷ പൂർത്തിയാക്കി പതിനൊന്നെ കാലോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ നടത്താനായിരുന്നു തീരുമാനം എങ്കിലും പ്രതിഷേധം കണക്കിലെടുത്താണ് സെൻ്റർ മാറ്റിയത്.
ഒന്നാം പ്രതിയുടെ പിതാവിന് ക്രിമിനൽ പശ്ചത്തലം ഉണ്ടെങ്കിലും ഷഹബാസിൻ്റെ കൊലപാതകത്തിൽ പങ്കെടുത്തതിന് തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് റൂറൽ എസ് പി കെ ഇ ബൈജു പറഞ്ഞു.