ഇടുക്കി: കട്ടപ്പന നഗരസഭാ പൊതു കിണറിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കുന്തളംപാറ വട്ടുകുന്നേൽപടി
കുന്നുപറമ്പിൽ ജോമോൻ(38)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ കിണറിന്റെ പരിസരം വൃത്തിയാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു.
കട്ടപ്പന ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് കട്ടപ്പന പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച ജോമോൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 20 വർഷത്തോളമായി കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. മൃതദേഹം ഇടുക്കി മെഡി.കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)