തിരുവനന്തപുരം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി കൊലയ്ക്ക് ചുറ്റിക ഉപയോഗിച്ച എന്തുകൊണ്ടെന്ന നിർണായക വിവരം കണ്ടെത്തിയതായി പൊലീസ്. അഫാൻറെ മൊബൈൽ ഫോൺ സെർച്ച് ഹിസ്റ്ററിയും ഡാറ്റയും പരിശോധിച്ചതിൽ നിന്നാണ് വിവരം പൊലീസിന് കിട്ടിയത്. അഫാനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഉടൻ അപേക്ഷ നൽകും.
കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് അഫാൻ മൊബൈൽ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തെരഞ്ഞിരുന്നു. ഇവ ഉപയോഗിക്കുന്ന ടൂട്ടോറിയൽ വീഡിയോയും യൂട്യൂബിൽ കണ്ടു. അഫാൻ രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിവരം ഉമ്മ ഷെമി ബന്ധുക്കളോടും പറഞ്ഞിട്ടുണ്ടായിരുന്നു. ചുറ്റികയിലേക്ക് അഫാൻ എത്തിയതിൻറെ കാരണം പൊലീസിന് വ്യക്തമായെങ്കിലും അന്വേഷണ ഘട്ടത്തിലായതിനാൽ പുറത്തുവിട്ടിട്ടില്ല. പിതൃമാതാവിനെ കൊലപ്പെടുത്തി സ്വർണം എടുത്ത ശേഷം പ്രതി പണയം വച്ച് 75000 രൂപ വാങ്ങിയിരുന്നു. ഇതിൽ നാൽപതിനായിരം രൂപ കൊടുത്തത് വായ്പ നൽകിയ സഹകരണ സംഘത്തിനെന്നും പൊലീസ് കണ്ടെത്തി. ദിവസവും വീട്ടിലെത്തി പിരിവ് വാങ്ങുന്ന ഇവരെ കൊലപാതക ദിവസം വീട്ടിലെത്തുന്നത് ഒഴിവാക്കാനാണ് ഗൂഗിൾ പേ വഴി പണം നൽകിയത്.
കൊലപാതകത്തിന് തലേദിവസം അഫാനും ഉമ്മയും അമ്പതിനായിരം രൂപക്ക് വേണ്ടി ബന്ധുവീട്ടിൽ പോയിരുന്നു. പക്ഷെ പണം കിട്ടിയില്ല. കൊലനടന്ന ദിവസം രാവിലെയും ഷെമി ബന്ധുവിനെ ഫോൺ വിളിച്ച് അടിയന്തിരമായി പണം ആവശ്യപ്പെട്ടിരുന്നു. അതേസമയം അഫാൻറെ മൊഴിയും പിതാവ് അബ്ദുൾ റഹീമിൻറെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 15 ലക്ഷം മാത്രമേ കടമുണ്ടായിരുന്നുള്ളു എന്നാണ് അബ്ദുൾ റഹീമിൻറെ മൊഴി. തൻറെ കടം വീട്ടാൻ മകൻ നാട്ടിൽ നിന്ന് പണം അയച്ചു നൽകിയിട്ടില്ലെന്നും അബ്ദുൾ റഹീം പറഞ്ഞിരുന്നു. പിന്നെ എങ്ങനെ ഇത്രയും കടം വന്നു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിൽ കഴിയുന്ന പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.