കാട്ടാക്കട(തിരുവനന്തപുരം): പരീക്ഷാ ഹാളിനു മുന്നിലൂടെ പോയപ്പോൾ രൂക്ഷമായി നോക്കിയെന്ന് ആരോപിച്ച് ബിബിഎ വിദ്യാർഥികൾക്ക് സഹപാഠികളുടെ ക്രൂരമർദനം. കട്ടയ്ക്കോട് വിഗ്യാൻ കോളജിൽ തിങ്കൾ വൈകിട്ടാണ് സംഭവം. തലയ്ക്ക് പരുക്കേറ്റ ബിബിഎ രണ്ടാം വർഷ വിദ്യാർഥി കണ്ടംതിട്ട കുരിശടിക്ക് സമീപം ആർബിഎൻ ക്രൈസ്റ്റ് നഗർ വീട്ടിൽ ക്രിസ്റ്റോ എസ്.ദേവ്(21) ആശുപത്രിയിൽ ചികിത്സ തേടി. ക്രിസ്റ്റോയുടെ പരാതിയിൽ കോളജിലെ ബികോം വിദ്യാർഥികളായ മഹാരാഷ്ട്ര സ്വദേശി റോഹൻ രത്നകുമാർ കുൽക്കർണി, ആനന്ദകൃഷ്ണൻ, അർജുൻ എന്നിവർക്കെതിരെ കേസെടുത്തതായി കാട്ടാക്കട പൊലീസ് അറിയിച്ചു. ഇവരെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പലും പറഞ്ഞു.
മൂവർ സംഘം പരീക്ഷാ ഹാളിന് മുന്നിലൂടെ പോയപ്പോൾ രൂക്ഷമായി നോക്കിയെന്ന് ആരോപിച്ചാണ്, പരീക്ഷ കഴിഞ്ഞിറങ്ങിയ ക്രിസ്റ്റോയെ ക്ലാസ് മുറിയിൽ വിളിച്ചു കൊണ്ടുപോയി മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതേ സംഘം മൂന്ന് മാസം മുൻപ് വട്ടപ്പാറ സ്വദേശിയായ വിദ്യാർഥിയെ ആക്രമിച്ചിരുന്നു. അന്ന് ഇവർക്കെതിരെ നടപടി എടുത്തില്ലെന്നും പകരം മർദനമേറ്റ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയായിരുന്നെന്നും ആരോപണമുണ്ട്.
മർദനമേറ്റ ക്രിസ്റ്റോയും മർദിച്ചവരും സുഹൃത്തുക്കളായിരുന്നെന്നും ഇവർ തമ്മിലുള്ള പ്രശ്നമെന്തെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ക്രിസ്റ്റോയുടെ ചുണ്ടിന്റെ തൊലി പൊട്ടി. ആശുപത്രിയിൽ പോകേണ്ടതില്ലെന്നു പറഞ്ഞെങ്കിലും രക്ഷിതാവ് വന്ന ശേഷം പ്രശ്നം വഷളായെന്നും പ്രിൻസിപ്പൽ പറയുന്നു. ക്രിസ്റ്റോ പരാതി നൽകിയത് 5.55ന് ആയിരുന്നു. അധ്യാപകർ പോയതിനാൽ ഇന്നലെ കൗൺസിൽ ചേർന്നാണ് മൂന്ന് പേരെ സസ്പെൻഡ് ചെയ്തത്. മൂന്ന് മാസം മുൻപ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തമ്മിലടിക്കിടെയാണ് വട്ടപ്പാറ സ്വദേശിക്ക് മർദനമേറ്റതെന്നും അന്ന് രക്ഷിതാക്കൾ എത്തി പരസ്പരം പ്രശ്നം പറഞ്ഞു തീർക്കുകയായിരുന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.