ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുളളവർ മാറ്റുരച്ച യുഎഇയിലെ ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ മത്സരത്തിലെ പ്രധാന വിഭാഗമായ ‘മോസ്ക്സ് ആൻഡ് മസ്ജിദിലെ’ പുരസ്കാരം, മലയാളിക്ക്. തൃശൂർ സ്വദേശിയായി അൻവർ സാദത്ത് ആണ് യുഎഇയിൽ താരമാത്.
ഇന്ത്യയുടെ സ്വന്തം താജ്മഹലിന്റെ ചിത്രം പകർത്തിയാണ് അൻവർ സാദത്ത് ടി എ, ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ പുരസ്കാരം നേടിയത്. ഫലകവും 1,00,000 ദിർഹവുമാണ് (ഏകദേശം 23 ലക്ഷം ഇന്ത്യൻ രൂപയിലധികം) സമ്മാനം.
യുഎഇ ആരോഗ്യപ്രതിരോധമന്ത്രിയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിൽ നിന്നാണ് അൻവർ പുരസ്കാരം ഏറ്റുവാങ്ങിയത്. ലോകമെമ്പാടുമുളള സംസ്കാരങ്ങളും സമൂഹങ്ങളും ആഴത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്ന സാർവ്വത്രിക ഭാഷയാണ് ഫൊട്ടോഗ്രഫി. ഈ സന്ദേശം നൽകിയാണ് അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററിന്റ ആഭിമുഖ്യത്തിൽ ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ മത്സരം നടത്തുന്നത്.
സമാധാനം എന്ന പ്രമേയത്തിലാണ് പുരസ്കാരത്തിന്റെ എട്ടാം പതിപ്പ് നടന്നത്. നാല് വിഭാഗങ്ങളിലായി ആകെ 8,50,000 ദിർഹം സമ്മാനത്തുകയാണ് നൽകിയത്. ‘മോസ്ക്സ് ആൻഡ് മസ്ജിദ്’ എന്നതാണ് പ്രധാന വിഭാഗം. ഫലകവും 1,00,000 ദിർഹവുമാണ് വിജയിക്ക് സമ്മാനം. കൂടാതെ ടെക്സിനിക്കൽ ആൻഡ് ജനറൽ ഫൊട്ടോഗ്രഫി, ഡിജിറ്റൽ ആർട്ട്, ലൈഫ് അറ്റ് ദ മോസ്ക് എന്നതാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ. ‘ലൈഫ് അറ്റ് ദ മോസ്ക്’ വിഭാഗത്തിൽ മൂന്ന് ഉപവിഭാഗങ്ങളിലും സമ്മാനമുണ്ട്. ഒന്നാം സമ്മാനം 70,000 ദിർഹവും രണ്ടാം സമ്മാനം 50,000 ദിർഹവും മൂന്നാം സമ്മാനം 30,000 ദിർഹവുമാണ്. യുഎഇ, ഈജിപ്ത്, പലസ്തീൻ, സുഡാൻ, സ്ലോവേനിയ, മോൾഡോവ, കെനിയ, ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുളളവരാണ് അവസാന റൗണ്ടിലെത്തിയത്. 60 രാജ്യങ്ങളിൽ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങൾ മത്സരത്തിൽ മാറ്റുരച്ചു.
‘മോസ്ക്സ് ആൻഡ് മസ്ജിദ്’ വിഭാഗത്തിൽ അൻവർ സാദത്ത് ടി.എ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഈജിപ്തിലെ വേൽ അൻസിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ‘ലൈഫ് അറ്റ് ദ മോസ്ക്’ കാറ്റഗറിയിലെ ‘നരേറ്റീവ് തീമി’ൽ ഇന്ത്യയിൽ നിന്നുളള ആരോൺ തരകൻ രണ്ടാം സ്ഥാനത്തെത്തി. വിഡിയോ ഫിലിംസ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുളള സലാവുദ്ദീൻ അയ്യൂബ് മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.
2024 ൽ ഈദ് ദിനത്തിലാണ് പുരസ്കാരത്തിന് അർഹമായ’ട്രാൻക്വിലിറ്റി ഓഫ് താജ്മഹൽ’ എന്ന ചിത്രം അൻവർ പകർത്തിയത്. ഫോട്ടോയെടുക്കാനായിത്തന്നെയാണ് അവിടെ പോയത്. ഇതിന് മുൻപ് 2019 ലും ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ മത്സരത്തിൽ അൻവർ പങ്കെടുത്തിരുന്നു. പിതാവ് അബ്ദുൾ ജബ്ബാർ യുഎഇ പ്രവാസിയാണ്. അതുകൊണ്ടുതന്നെ തൃശൂരിൽ നിന്ന് ഇടയ്ക്ക് ഇവിടേക്ക് വരാറുണ്ട്. 2019 ൽ അത്തരത്തിലൊരു സന്ദർശന സമയത്ത് ഗ്രാൻഡ് മോസ്കിലെത്തി. മോസ്കിനെ കുറിച്ചുളള കാര്യങ്ങൾ അന്വേഷിക്കാനായി ചെന്നപ്പോൾ, അവിടെയുളളവർ തെറ്റിധരിച്ച് ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’യെ കുറിച്ചുളള വിവരങ്ങളാണ് അന്ന് അൻവറിനോട് പറഞ്ഞത്.
മത്സരത്തെ കുറിച്ച് അറിഞ്ഞപ്പോൾ പങ്കെടുക്കാൻ ആഗ്രഹമായി. ഗ്രാൻഡ് മോസ്കിന്റെ നിരവധി ചിത്രങ്ങൾ പകർത്തി. ‘സഹിഷ്ണുത’ എന്നതായിരുന്നു അന്നത്തെ പ്രമേയം. അയച്ചുകൊടുത്തു. അന്നും പുരസ്കാരപ്രഖ്യാപന സമയത്ത് ക്ഷണം ലഭിച്ചിരുന്നു. പക്ഷെ അന്ന് പുരസ്കാരം പ്രഖ്യാപിച്ചപ്പോഴാണ് മത്സരത്തെ കുറിച്ചുളള കൂടുതൽ കാര്യങ്ങൾ മനസിലായത്. ഇനിയും മത്സരിക്കുമെന്ന് അന്നുതന്നെ മനസിലുറപ്പിച്ചിരുന്നു.
2019 ന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷം, 2024 ലാണ് വീണ്ടും ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ മത്സരം പ്രഖ്യാപിച്ചത്. ഒരു ‘ക്ലിക്ക്’ നോക്കാമെന്ന് ഉറപ്പിച്ചു. ഈദ് ദിനത്തിൽ താജ് മഹലിൽ നിന്ന് പകർത്തിയ ചിത്രമാണ് മത്സരത്തിന് അയച്ചത്. സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തിനെത്തുന്ന ഫോട്ടോകളിൽ തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾ സൂഖ് അൽ ജാമി ഡോമിനരികിൽ നടക്കുന്ന ഫോട്ടോ പ്രദർശനത്തിൽ പ്രദർശിപ്പിക്കും.
ഈദ് അവധി ദിനങ്ങൾ വരെ ഈ പ്രദർശനമുണ്ടാകും. ഇങ്ങനെ ഫോട്ടോകൾ പ്രദർശിപ്പിക്കുന്നത് കണ്ട് അത്തരത്തിൽ തൻറെ ഫോട്ടോയും പ്രദർശിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് വീണ്ടും മത്സരിച്ചത്. വിജയിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അൻവർ പറയുന്നു. നിസ്കരിക്കാനായി നിൽക്കുന്ന സമയത്താണ് താജ്മഹലിന്റെ ചിത്രമെടുക്കുന്നത്. താജ്മഹലിന്റെ രണ്ട് ഭാഗത്തും പളളികളുണ്ട്. അതിലെ ഒരു പളളിയുടെ കമാനം, അതിലൂടെ നോക്കുമ്പോൾ കാണുന്ന താജ്മഹൽ.
നിസ്കാരപായയിൽ ഇരിക്കുന്നവരും കമാനത്തിലൂടെ കാണുന്ന താജ്മഹലും. അൻവറിന്റെ മനസിൽ ആദ്യം പതിഞ്ഞചിത്രം, അതേപടി ക്യാമറയും പകർത്തി. ഫോട്ടോയെടുത്ത് നിസ്കരിച്ച് മടങ്ങി. പിന്നീട് മത്സരം പ്രഖ്യാപിച്ചപ്പോൾ അയച്ചുകൊടുത്തു. കോഴിക്കോട് മർക്കസ് നോളജ് സിറ്റി മസ്ജിദും താജ്മഹലിന്റെ തന്നെ മറ്റൊരുഫോട്ടോയും ഉൾപ്പടെ മൂന്ന് ഫോട്ടോകളാണ് മത്സരത്തിന് അയച്ചുകൊടുത്തത്.
കുംഭമേളയിൽ ഫോട്ടോകൾ പകർത്താനുളള യാത്രയ്ക്കിടെയാണ് യുഎഇയിൽ നിന്നും ഫോൺവിളിയെത്തുന്നത്. എന്നാൽ ഫോണെടുക്കാൻ സാധിച്ചില്ല. പിന്നീട് വാട്സ്അപ്പിൽ വിവരങ്ങൾ അറിയിച്ച് സന്ദേശമെത്തി. അവസാന പത്തിൽ അൻവറിന്റെ ഫോട്ടോയും ഇടം നേടിയിരിക്കുന്നുവെന്നതായിരുന്നു സന്ദേശം. സന്തോഷം തോന്നിയെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. സമ്മാനദാനചടങ്ങിൽ പിതാവിനൊപ്പമാണ് എത്തിയത്. അപ്രതീക്ഷിതമായിരുന്നു ഒന്നാം സമ്മാനം. പിതാവിന്റെ സാന്നിദ്ധ്യത്തിൽ സമ്മാനം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം, ഫൊട്ടോഗ്രഫി തന്നെയാണ് മുന്നിലുളള വഴി, അൻവർ പറയുന്നു.
അൻവർ ടിഎ ഫൊട്ടോഗ്രഫിയെന്ന ഇൻസ്റ്റ പേജിലെ ഫോട്ടോകളോരോന്നും, അൻവറിന്റെ ഫൊട്ടോഗ്രഫി കൈയ്യൊപ്പു പതിഞ്ഞവ. പത്താം ക്ലാസിലെത്തുന്നതുവരെയും വര ഇഷ്ടമായിരുന്നു അൻവറിന്. എന്നാൽ മുതിർന്നപ്പോൾ ഫൊട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. ഇൻസ്റ്റയിൽ പോസ്റ്റുചെയ്യുന്ന ഫോട്ടോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏഴ് വർഷമായി ഇൻസ്റ്റയിൽ സജീവമാണെങ്കിലും അൻവറിന്റെ മാസ്കിട്ട മുഖം മാത്രമെ ഇൻസ്റ്റയിൽ കാണാനാകൂ, മുഖം കണ്ടല്ല, തന്റെ ഫോട്ടോകൾ കണ്ട് തിരിച്ചറിയട്ടെ, എന്നതാണ് അൻവറിൻറെ ആശയം. എന്തായാലും ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി മോസ്ക് ആൻറ് മസ്ജിദ്’ പുരസ്കാരം കൈയ്യിലേന്തിയുളള ഫോട്ടോ ഇൻസ്റ്റയിലിട്ടതോടെ ഈ മുഖമൊന്നുകണ്ടതിൽ സന്തോഷമെന്നതാണ് വരുന്ന പ്രതികരണങ്ങൾ. ലോകമെമ്പാടുമുളള ഫൊട്ടോഗ്രഫർമാർ പകർത്തിയ 3070 ചിത്രങ്ങൾ മാറ്റുരച്ച മത്സരം, അതിലൊന്നാമെതെത്തി, യുഎഇ മന്ത്രിയിൽ നിന്ന് ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ പുരസ്കാരം ഏറ്റുവാങ്ങി.