ന്യൂഡൽഹി: പിണറായി വിജയൻ അവതരിപ്പിക്കുന്ന നവകേരള രേഖ സിപിഎം പിബി പരിശോധിച്ചിട്ടില്ലെന്ന് നേതൃത്വം. സംസ്ഥാനത്ത് ഭരണത്തിൽ നടപ്പാക്കേണ്ട പുതിയ നിർദ്ദേശങ്ങളാവും രേഖയിൽ മുന്നോട്ടു വയ്ക്കുക. നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ പാർട്ടിയുടെ പങ്ക് എങ്ങനെ എന്നും സമ്മേളനം തീരുമാനിക്കും. നവ ഉദാരവത്ക്കരണ നയത്തിൽ നിന്ന് കൊണ്ടേ ചില നിർദ്ദേശങ്ങൾ തയ്യാറാക്കാനാകൂ.
പാർട്ടി നിലപാടുകളിൽ തിരുത്തൽ വേണമെങ്കിൽ അത് പിന്നീട് പിബി ചർച്ച ചെയ്യും. ആധുനിക കാലത്തിനാവശ്യമായ നിലപാടാകും പാർട്ടി തീരുമാനിക്കുക. തുടർ ഭരണത്തിനുള്ള ചാലക ശക്തിയായി രേഖ മാറുമെന്നും നേതൃത്വം വിശദീകരിച്ചു.
അതേസമയം, കൊല്ലം സമ്മേളനത്തിന് ഒരുങ്ങുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരാൻ എംവി ഗോവിന്ദന് പിണറായി വിജയന്റെ പിന്തുണ ഉണ്ടാകുമോ എന്നുള്ളതാണ് പാർട്ടിക്കുള്ളിലെ പ്രധാന ചർച്ച. പി വി അൻവർ വിഷയം വഷളാക്കിയത് അടക്കം പല കാര്യങ്ങളിലും ഗോവിന്ദന് വീഴ്ച പറ്റി എന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ അടുപ്പക്കാർക്കും ഉള്ളത്. കഴിഞ്ഞ തവണ നടത്തിയത് പോലുള്ള ഗൗരവമുള്ള അഴിച്ചു പണികൾ ഇത്തവണ സംസ്ഥാന സമിതിയിലോ സെക്രട്ടറിയേറ്റിലോ ഉണ്ടാകില്ല.
പി വി അൻവറിന്റെ വിമത നീക്കത്തിന് തുടക്കത്തിൽ എം വി ഗോവിന്ദന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നുള്ള ചർച്ച പാർട്ടിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനടക്കം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. വൈകിയ വേളയിൽ മാത്രമാണ് അൻവറിനെതിരെ പാർട്ടി സെക്രട്ടറി ശക്തമായ നിലപാടെടുത്തത്. ഇത് അടക്കം പാർട്ടിയെയും ഭരണത്തെയും ബാധിക്കുന്ന പല വിഷയങ്ങളിലും ഗോവിന്ദന് പിഴവുണ്ടായിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. ഇ പി ജയരാജനെതിരെ ഉള്ള നീക്കങ്ങൾക്കും ഗോവിന്ദൻ തന്നെ പിന്തുണ നൽകിയെന്ന വിലയിരുത്തലും മുഖ്യമന്ത്രിക്കുണ്ട്.