കോഴിക്കോട്. കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ കുടുംബം പ്രതിസന്ധിയിൽ. പാലാട്ടിൽ എബ്രഹാം കൊല്ലപ്പെട്ട് ഒരു വർഷമായിട്ടും സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് കുടുംബം. പ്രദേശത്ത് ഇപ്പോഴും വന്യമൃഗ ശല്യം രൂക്ഷമാണ്.
കൃഷിയിടത്തിലെ ജോലിക്കിടെയാണ് പാലാട്ടിൽ എബ്രഹാം കാട്ടുപോത്താക്രമണത്തിൽ കൊല്ലപ്പെട്ടത്. 2024 മാർച്ച് അഞ്ചിനായിരുന്നു സംഭവം. എബ്രഹാമിന്റെ മരണത്തിന് പിന്നാലെ മകന് സ്ഥിരം ജോലി നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും നടപ്പായില്ല. രണ്ടുവർഷംമുമ്പ് സ്ട്രോക്ക് പിടിപെട്ട ഭാര്യ തെയ്യാമ്മയുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ അതും പ്രഖ്യാപനത്തിൽ ഒതുങ്ങി. കക്കയം മല മേഖലയിലെ കൃഷിഭൂമിയിൽ വിവിധ കൃഷികൾ ഉണ്ടെങ്കിലും കാട്ടുപോത്ത് എബ്രഹാമിന്റെ ജീവനെടുത്തതോടെ തെയ്യാമ്മ മക്കളെ അങ്ങോട്ട് വിടാറില്ല.
വനമേഖലയിൽ നിന്ന് കൃഷി ഭൂമിയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ സോളാർ വേലി സ്ഥാപിക്കുമെന്ന് അറിയിച്ചുവെങ്കിലും അതും ഉണ്ടായില്ല. മക്കളായ ജോബിഷിനും ജോമോനും താൽക്കാലികമായി ലഭിച്ച ഫോറസ്റ്റ് വാച്ചർ തസ്തികയിലെ ജോലിയാണ് കുടുംബത്തിൻ്റെ ആശ്വാസം.