ന്യൂഡെല്‍ഹി . രാജ്യവിരുദ്ധ – തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ്ഡിപിഐക്കും ലഭിച്ചതായി ഇഡി. എസ്ഡിപിഐക്ക് ദൈനം ദിന പ്രവർത്തനത്തിന് പണം നൽകുന്നത് എസ്ഡിപിഐ ആണെന്നും രണ്ട് സംഘടനകൾക്കും ഒരേ നേതൃത്വവും അണികളുമെന്നും ഇഡി വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞദിവസം അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ ഇ ഡി ചോദ്യം ചെയ്യുകയാണ്.
പോപ്പുലർ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐ നിരോധനത്തിലേക്ക് കേന്ദ്രസർക്കാർ നീങ്ങുന്നു എന്ന സംശയം ബലപ്പെടുത്തുന്നതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്. രാജ്യവിരുദ്ധ – തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ്ഡിപിഐക്കും ലഭിച്ചതായാണ് ഇഡി കണ്ടെത്തൽ.
എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും പോപ്പുലർ ഫ്രണ്ട് ആണ്. എസ്ഡിപിഐയുടെ ദൈനം ദിന പ്രവർത്തനത്തിന് പണം നൽകുന്നത് പിഎഫ്ഐ ആണെന്നും
രണ്ട് സംഘടനകൾക്കും ഒരേ നേതൃത്വവും അണികളുമെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. നയരൂപീകരണം, തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കൽ, പൊതു പരിപാടികൾ, കേഡർ മൊബിലൈസേഷൻ, എന്നിവയ്‌ക്കെല്ലാം എസ്‌ഡിപിഐ പിഎഫ്‌ഐയെ ആശ്രയിച്ചിരുന്നു.
കോഴിക്കോട് പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും ഇതിന് തെളിവുകൾ കണ്ടെത്തിയതായും ഇഡി വ്യക്തമാക്കുന്നു.
അതേസമയം എസ്ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് പണം പിരിച്ചതായും
തെരഞ്ഞെടുപ്പ് ചെലവുകൾക്കായി 3.75 രൂപ നൽകിയതിന്റെ രേഖകൾ ലഭിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പിഎഫ്ഐ പിരിച്ച പണത്തിന്റെ വിഹിതം എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം കെ ഫൈസി കൈപ്പറ്റി. ചോദ്യം ചെയ്യലിനായി 12 തവണ നോട്ടീസ് നൽകിയിട്ടും എം കെ ഫൈസി ഹാജരായില്ലെന്നും ഇഡി കൂട്ടിച്ചേർത്തു.