അമ്മയുടേത് ആത്മഹത്യ ശ്രമമല്ലെന്നും മരുന്ന് ഓവര്‍ ഡോസ് ആയിപ്പോയതാണെന്ന് കല്‍പന രാഘവേന്ദയുടെ മകള്‍

Advertisement

പിന്നണി ഗായിക കല്‍പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മകള്‍ ദയ പ്രസാദ്. അമ്മയുടേത് ആത്മഹത്യ ശ്രമമല്ലെന്നും ഉറക്കക്കുറവിനെത്തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമാണ് മരുന്ന് കഴിച്ചതെന്നും അത് അല്‍പം ഓവര്‍ ഡോസ് ആയിപ്പോയെന്നും മകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ദയ പറഞ്ഞു.
‘ഞങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാവരും വളരെ സന്തുഷ്ടരാണ്. അമ്മ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. ഉടന്‍ ആശുപത്രിയില്‍ നിന്നും മടങ്ങി വരും. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. അമ്മ ഒരു ഗായികയാണ്. കൂടാതെ ഒരു വിദ്യാര്‍ഥിയുമാണ്. എല്‍എല്‍ബിയും പിഎച്ച്ഡിയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഉറക്കമില്ലായ്മയ്ക്ക് അമ്മ ചികിത്സ തേടിയിരുന്നു.
ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുന്നുമുണ്ട്. ഉറക്ക ഗുളിക അല്‍പം ഓവര്‍ ഡോസ് ആയിപ്പോയി. അതാണ് സംഭവിച്ചത്. അല്ലാതെ ഇത് ആത്മഹത്യാ ശ്രമമല്ല. സത്യം വളച്ചൊടിക്കരുത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കൂ’, – ദയ പ്രസാദ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് നിസാംപേട്ടിലെ വസതിയില്‍ കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായിട്ടും വീടിന്റെ വാതില്‍ അടഞ്ഞ് കിടക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്.
പിന്നാലെ പൊലീസെത്തി വീട് തുറന്നു നോക്കിയപ്പോള്‍ കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. സംഭവ സമയത്ത് കല്‍പനയുടെ ഭര്‍ത്താവ് ചെന്നൈയിലായിരുന്നു. ഗായകന്‍ ടിഎസ് രാഘവേന്ദ്രയുടെ മകളാണ് കല്‍പന. നിരവധി സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

Advertisement