വാർത്താനോട്ടം

Advertisement

2025 മാർച്ച് 06 വ്യാഴം

BREAKING NEWS

👉വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടൻ നഗരത്തിൽ ആക്രമത്തിന് ശ്രമം.ഇന്ത്യൻ പതാകയുമായി എത്തിയ ഖാലിസ്ഥാൻ വാദികൾ പതാക കീറി എറിഞ്ഞു. ചാത്തം ഹൗസിന് മുന്നിലെ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

👉കേരളത്തിലെ സി പി എമ്മിൽ നേതൃ ദാരിദ്ര്യം ഇല്ലന്ന് മന്ത്രി സജി ചെറിയാൻ, ആര് നയിക്കും എന്നത് കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും മന്ത്രി

👉 സർവ്വകലാശല നിയമ ഭേദഗതി ബില്ലിന് ഇളവ് വരുത്താൻ സർക്കാർ

👉 എറണാകുളത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവം വനം വകുപ്പ് അന്വേഷിക്കും

🌴കേരളീയം🌴

🙏 കേരളത്തില്‍ പലയിടങ്ങളിലും സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്. ഇതിനൊപ്പം തന്നെ അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന പ്രത്യേക അറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കും. പാലക്കാട് ഇന്നലെ 38.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.

🙏സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം . ഇന്ന് രാവിലെ 9 മണിയോടെ മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പി ബി അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

🙏സംസ്ഥാനത്തെ റാഗിങ് കേസുകളില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങിലാണ് നിര്‍ണായക തീരുമാനം.

🙏 വാളയാര്‍ കേസില്‍ സുപ്രധാന നീക്കവുമായി സിബിഐ കോടതിയില്‍. മരിച്ച പെണ്‍കുട്ടികളുടെ അമ്മയെയും, ഇളയ പെണ്‍കുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് സിബിഐ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. ആകെയുള്ള 9 കേസുകളില്‍ 6 എണ്ണത്തില്‍ അമ്മയെയും അച്ഛനെയും പ്രതി ചേര്‍ത്തതായി സിബിഐ കോടതിയെ അറിയിച്ചു.

🙏 പാലിയേറ്റീവ് പരിചരണം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ സേവനത്തിനായി തയ്യാറാക്കിയ ഒന്നാം ഘട്ട പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമ രൂപമാക്കി.

🙏 പത്താംക്ളാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചുളള വിവരങ്ങള്‍ അറിയാനായാണ് നീക്കം. താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു.

🙏 കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ ഇന്നലെ വൈകിട്ട് വെറ്റിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ആനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

🙏 ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലിയായി മദ്യവും പണവും ആവശ്യപ്പെട്ട കേസില്‍ എറണാകുളം മുന്‍ ആര്‍ടിഒ ജേഴ്സന് ജാമ്യം. കേസിലെ മറ്റു രണ്ടു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ജേഴ്സന്റെ റിമാന്‍ഡ് കാലാവധി തീരാനിരിക്കെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.ജേഴ്സന്‍ എറണാകുളം ആര്‍ടിഒ ആയിരിക്കെയാണ് ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലിയായി പണവും മദ്യവും ആവശ്യപ്പെട്ടത്.

🙏 പത്തുവര്‍ഷം മുന്‍പ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കാത്ത കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍. അവകാശികള്‍ക്ക് ക്ലെയിം അനുവദിക്കുന്ന കാര്യത്തില്‍ കമ്പനി രണ്ടുമാസത്തിനകം തീരുമാനം എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

🙏 വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകളില്‍ കേരള ബാങ്കിന്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണ് നടപടി.

🙏 കാക്കനാട് തെങ്ങോട് ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകരെ സസ്പെന്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എന്‍.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്പെന്റ് ചെയ്തത്.

🙏 തിരുവനന്തപുരം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഗ്രീഷ്മ. ജി. ഗിരീഷിനെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

🙏 പാലക്കാട് അട്ടപ്പാടിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ കൊലപ്പെടുത്തി. അഗളി ഒസത്തിയൂരിലെ ഈശ്വരനെയാണ് മക്കളായ രാജേഷും, രഞ്ജിത്തും അടിച്ചു കൊലപ്പെടുത്തിയത്. നാട്ടുകാര്‍ അറിയിച്ചതിന്നെ തുടര്‍ന്നാണ് അഗളി പൊലീസെത്തി ഇവരെ പിടികൂടിയത്.

🙏കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തൊടുപുഴ സ്വദേശി ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.

🙏 മലപ്പുറത്ത് മയക്കുമരുന്ന് കേസുകളിലെ രണ്ട് പ്രതികളെ കാപ്പ ചുമത്തി തടവിലാക്കി. നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ ഗുണ്ടകളായ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, കല്പകഞ്ചേരി വൈലത്തൂര്‍ സ്വദേശി ജാഫറലി, എന്നിവരെയാണ് കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്.

🇳🇪 ദേശീയം 🇳🇪

🙏 കന്നട യുവനടി രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെ മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവു. കേസില്‍ നിന്ന് സ്വയം അകലം പാലിക്കുന്നുവെന്നാണ് മാധ്യമങ്ങളോട് കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവു പ്രതികരിച്ചത്.

🙏 സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത് ഏറെ ദിവസത്തെ നിരീക്ഷണത്തിനു ശേഷം. നടിയുടെ അടിക്കടിയുള്ള വിദേശയാത്രകളാണ് ഡിആര്‍ഐ സംഘത്തിനു സംശയമുണ്ടാക്കിയത്. 15 ദിവസത്തിനിടെ 4 തവണയാണ് നടി ദുബായ് യാത്ര നടത്തിയത്.

🙏 സിഐഎസ്എഫിന്റെ 56-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ പടിഞ്ഞാറന്‍, കിഴക്കന്‍ കടല്‍ത്തീരങ്ങള്‍ ചുറ്റി സഞ്ചരിക്കുന്ന 6,553 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ റാലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. 14 സ്ത്രീകള്‍ ഉള്‍പ്പെടെ 125 സൈക്ലിസ്റ്റുകളാണ് പങ്കെടുക്കുന്നത്.

🙏 ദില്ലി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ധ്യാനത്തില്‍. ഇന്നലെ തുടങ്ങിയ ധ്യാനം മാര്‍ച്ച് 15ന് അവസാനിക്കും. പഞ്ചാബിലെ ഹോഷിയാര്‍ പൂരില്‍ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് ധ്യാനം.

🙏ദില്ലി അംബേദ്കര്‍ സര്‍വ്വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് വിജയം. 45 സീറ്റില്‍ 24 സീറ്റും വിജയിച്ച എസ് എഫ് ഐ സര്‍വകലാശാല യൂണിയന്‍ ഭരണവും പിടിച്ചെടുത്തു. ആറു വര്‍ഷത്തിന് ശേഷം സര്‍വ്വകലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എസ് എഫ് ഐ അധികാരം പിടിച്ചെടുത്തത്.

🇦🇺 അന്തർദേശീയം 🇦🇽

🙏 ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക അടുത്ത മാസം രണ്ടുമുതല്‍ പരസ്പര തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നുവെന്ന ആരോപണവുമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്.

🙏 തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്താനുള്ള യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി ചൈന. യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കില്‍ അവസാനംവരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്ന് ചൈന അറിയിച്ചു.

🙏 ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവയുടെ വിതരണം ഇസ്രയേല്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ഗാസയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്.

🙏 യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. കൊലപാതക കുറ്റം ചുമത്തപ്പെട്ട മുഹമ്മദ് റിനാഷ് എ, മുരളീധരന്‍ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. യുഎഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയാണ് കേസ്. മുരളീധരന്‍ ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്.

🏏 കായികം 🏏

🙏 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് എതിരാളി ന്യൂസീലന്‍ഡ്. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്.

🙏 ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സടെത്തു.

🙏 കൂറ്റന്‍ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here