തൃശൂർ:യുവതിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഇവരുടെ ഭർത്താവ് കുറ്റിച്ചിറ വെട്ടിക്കുഴി പുലിക്കുന്നേല്‍ വീട്ടില്‍ ഡെറിനെ(30) വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.
കൃഷ്ണനും സംഘവും അറസ്റ്റുചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. യുവതി സ്വന്തം വീട്ടിലേക്കു പോകണമെന്നു പറഞ്ഞതിന്‍റെ വിരോധത്തില്‍, മദ്യപിച്ചെത്തിയ ഡെറിൻ വീടിനുള്ളില്‍വച്ച് ആക്രമിക്കുകയും മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപ്പിടിച്ച് അടുക്കളയിലേക്കു തള്ളിക്കൊണ്ടുപോയി തിളയ്ക്കുന്ന കഞ്ഞിയിലേക്കു തല മുക്കിപ്പിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ഒളിവില്‍പോയ ഡെറിനെ ചായ്പൻകുഴിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. വെള്ളിക്കുളങ്ങര സബ് ഇൻസ്പെക്ടർ സുനില്‍കുമാർ, സീനിയർ സിവില്‍ പോലീസ് ഓഫീസർ കെ.ഒ. ഷാജു, സിവില്‍ പോലീസ് ഓഫീസർ കെ.സി. അജിത് കുമാർ, ഹോം ഗാർഡ് പ്രദീപ് എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്.
പ്രതി ഡെറിൻ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റിലുള്ളയാളാണ്. 2015-ല്‍ അതിരപ്പിള്ളി സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ 2013, 2020, 2022 വർഷങ്ങളില്‍ ഓരോ അടിപിടിക്കേസുകളും ഈവർഷം സഹോദരിയെ ആക്രമിച്ച കേസും ഇയാള്‍ക്കെതിരേയുണ്ട്.