കോട്ടയം: ഷൂട്ടിങ്ങിലാണെന്നും സെറ്റിൽ സംസാരിക്കാൻ പാടില്ലെന്നാണ് നിർദേശമെന്നും നടനും എംഎൽഎയുമായ മുകേഷ്. ഫോണിൽ സംസാരിക്കാൻ പാടില്ലെന്ന് നൂറുതവണ പറഞ്ഞിട്ടുണ്ട്. ജോലി നോക്കട്ടെയെന്നും പിന്നീട് പ്രതികരിക്കാമെന്നും മുകേഷ് പറഞ്ഞു. മുകേഷ് എവിടെയെന്ന് നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെ മുകേഷിനെ ടെലിഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘‘ഷൂട്ടിങ് കഴിയട്ടെ, എല്ലാത്തിനും മറുപടി പറയും. ഷൂട്ടിങ് കഴിഞ്ഞ് കൊല്ലത്ത് വരും. ഞാനൊരു ചെറിയ മനുഷ്യനാണ്. നിങ്ങൾക്ക് എത്രയോ ബിരിയാണി ഞാൻ തന്നു. ഒരു ബിരിയാണി കൂടി കഴിക്കണമെന്ന് പറയുന്നത് ശരിയല്ല. ഒരു പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേ’’ – മുകേഷ് പറഞ്ഞു. പാർട്ടിയുടെ അപ്രഖ്യാപിത വിലക്ക് ഉണ്ടോയെന്ന ചോദ്യത്തിനും നാളെയാകട്ടെ എന്നായിരുന്നു മുകേഷിന്റെ മറുപടി.
മുകേഷ് എറണാകുളത്ത് ഷൂട്ടിങ്ങിലാണെന്നാണ് വിവരം. കൊല്ലത്ത് നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി എംഎല്‍എയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചര്‍ച്ചകളുയര്‍ന്നിരുന്നു. കൊല്ലം എംഎല്‍എ എന്ന നിലയില്‍ മുഖ്യ സംഘാടകരില്‍ ഒരാള്‍ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനില്‍ മുകേഷിനു പങ്കെടുക്കാമായിരുന്നു. എന്നാല്‍ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു. ഷൂട്ടിങ് തിരക്കിലായതിനാൽ മുകേഷ് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇക്കാര്യം കൊല്ലത്തെ സിപിഎം നേതാക്കൾ ആരും സ്ഥിരീകരിച്ചിട്ടില്ല.