മലപ്പുറം താനൂരിൽ നിന്ന് ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചു. ഉച്ചയോടെ താനൂർ പൊലീസിന് പെൺകുട്ടികളെ കൈമാറും. മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗൺസലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ഇന്ന് പുലർച്ചെ ഒന്നേമുക്കാലിന് ലോനാവാലയിൽ വെച്ച് റെയിൽവേ പൊലീസാണ് കണ്ടെത്തിയത്. ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിൽ മൊബൈൽ ലൊക്കേഷൻ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിർണായകമായത്. കുട്ടികൾ സുരക്ഷിതരാണ്.
പെണ്‍കുട്ടികള്‍ മുബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഉച്ചയോടെ ഇവർ ഒരു സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികൾ അവിടെ എത്തിയതായി മലയാളിയായ സലൂൺ ഉടമയും പിന്നീട് സ്ഥിരികരിച്ചു.