കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിൽ പ്രദേശിക വിഭാഗീയത പാർട്ടിക്ക് തലവേദനയാകുന്നുവെന്ന് വിലയിരുത്തൽ. പാര്‍ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും പ്രാദേശികമായി ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളുടെ പിന്നില്‍ വിഭാഗീയ പ്രവണതയുള്ള ഒരു കൂട്ടം സഖാക്കളാണെന്നുമാണ് വിമർശം. പ്രാദേശിക വിഭാഗീയത പരിഹരിക്കാൻ നേതൃത്വം ഇടപെടണമെന്നും ഇതിനായി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ സഖാക്കൾ കീഴ്ഘടകങ്ങളില്‍ നേരിട്ടെത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പ്രവർത്തന റിപ്പോർട്ടിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ പി.എ മുഹമ്മദ് റിയാസിനെ പ്രശംസിച്ചിട്ടുണ്ട്. മന്ത്രി എന്ന നിലയിൽ റിയാസിൻ്റേത് മികച്ച പ്രകടനമാണെന്നും മാധ്യമ വേട്ടയുടെ ഇരയാണ് അദ്ദേഹമെന്നും ദൈനംദിന രാഷ്ട്രീയ സംഭവങ്ങളിൽ സജീവമായത് കൊണ്ടാണ് റിയാസിനെ മാധ്യമങ്ങൾ ആക്രമിക്കുന്നതെന്നുമാണ് വിമർശനം. എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം സ്വരാജിനെ രൂക്ഷമായ ഭാഷയിലല്ലെങ്കിലും വിമർശിക്കുന്നുണ്ട്. ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ ചുമതല വഹിക്കുന്ന ഇദ്ദേഹം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ അവൈലബിൾ യോഗങ്ങളിൽ കൂടുതലായി പങ്കെടുക്കാൻ ശ്രമിക്കണമെന്നാണ് വിമർശനം.
സാമ്പത്തിക അച്ചടക്കമില്ലായ്മയിലും വിമർശനം ഉയർന്നിട്ടുണ്ട്. വരവു ചെലവു കണക്കുകളിൽ ചില ഏര്യാകമ്മിറ്റികൾക്ക് ഗുരുതര വീഴ്ചയുണ്ടായി. വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികളും വരവ് ചെലവ് കണക്ക് കൃത്യമാക്കണം. ജന പിന്തുണ കൂട്ടണം. പാർട്ടി അംഗം ബ്രാഞ്ചിലെ 10 വീടുകളിലെങ്കിലും അടുത്ത ബന്ധം ഉണ്ടാക്കണമെന്നാണ് സംഘടനാ റിപ്പോർട്ട് ആവശ്യപ്പെടുന്നത്.