എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്‍ഡി സ്റ്റാംപ്; കണ്ണൂരില്‍ വൻ ലഹരി വേട്ട: വീടു വളഞ്ഞ് 2 യുവാക്കളെ പിടികൂടി, നാട്ടുകാരുടെ തല്ലും

Advertisement

കണ്ണൂർ: നാറാത്ത് ടിസി ഗേറ്റില്‍ വൻ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എല്‍എസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്സൈസ് പിടികൂടിയത്.

പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറേക്കാലമായി പ്രതികള്‍ വാടക വീടെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പ്രദേശവാസികള്‍ക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു.

കണ്ണൂർ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ സി ഷാബുവിൻ്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി മരുന്നുകള്‍.

ഇരുനില വീടു കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്‍പ്പന. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാംപും ഹ്രൈബ്രിഡ് കഞ്ചാവും കണ്ടെത്തിയത്. ഇതിന് ലക്ഷങ്ങള്‍ വില വരുമെന്ന് എക്സൈസ് അറിയിച്ചു. പ്രതികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചു കൂടി. എക്സൈസ് ഇവരെ വാഹനത്തില്‍ കയറ്റുമ്പോള്‍ നാട്ടുകാരില്‍ ചിലർ പ്രതികളെ കൈയേറ്റം ചെയ്തു. ഇതിനിടെയാണ് പ്രതികളെ എക്സൈസ് വാഹനത്തില്‍ പൊടിക്കുണ്ടിലുള്ള ഓഫീസിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് റെയ്ഡിനെത്തുമ്പോള്‍ വീടിൻ്റെ ഒന്നാം നിലയിലായിരുന്നു യുവാക്കള്‍ വാടകയ്ക്കെടുത്ത ആഡംബര വീടാണ് ഇതെന്നാണ് സൂചന. രാപ്പകല്‍ ഭേദമില്ലാതെ ഇവിടെ യുവാക്കളും കുട്ടികളും വന്നു പോകാറുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നി നാട്ടുകാർ താക്കീത് നല്‍കിയെങ്കിലും യുവാക്കള്‍ ഗൗനിച്ചിരുന്നില്ല. മയക്കുമരുന്ന് വില്‍പ്പന തുടർന്നതിനെ തുടർന്നാണ് എക്സൈസിനെ വിവരമറിയിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here