കല്ലുമല സ്റ്റീൽ ആർച്ച് മാർച്ച് 15 ന് സ്ഥാപിക്കും – കൊടിക്കുന്നിൽ സുരേഷ് എംപി

Advertisement

തിരുവനന്തപുരം.കല്ലുമല സ്റ്റീൽ ആർച്ച് മാർച്ച് 15 ന് സ്ഥാപിക്കും – കൊടിക്കുന്നിൽ സുരേഷ് എംപി.

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുറത്തികാട് കുടിവെള്ള പദ്ധതിയുടെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനായി കല്ലുമല റെയിൽവേ ട്രാക്കിന് മുകളിലൂടെയുള്ള സ്റ്റീൽ ആർച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് 15 ന് നടക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ രണ്ടാം തീയതിയായി മാർച്ച് 22 തിരഞ്ഞെടുത്തിട്ടുണ്ട്. പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 220 മിനിറ്റാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നത്. നിലവിലുള്ള പ്ലാൻ പ്രകാരം രാത്രി 10:30 ന് ആരംഭിക്കുന്ന ഫിക്സഡ് ടൈം ബ്ലോക്ക് പുലർച്ചെ 2 മണിവരെ നീളും. റെയിൽവേയുടെയും ജൽജീവൻ മിഷൻ ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ ആകും നിർമ്മാണ പ്രവർത്തനങ്ങൾ രാത്രിയിൽ നടത്തുന്നത്.

നേരത്തെ സേഫ്റ്റി അനുമതി ലഭ്യമാക്കുന്നതിനും കൊടിക്കുന്നിൽ സുരേഷ് എം പി ഇടപെട്ടിരുന്നു. ശബരിമല സീസൺ അവസാനിച്ചതിനുശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിൽ ശബരിമല സീസൺ അവസാനിച്ചതിനാൽ സമ്മർ സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ ട്രെയിൻ ഗതാഗതം നിർത്തിവച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടത് പ്രകാരമാണ് മാർച്ച് 15ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികളുമായി റെയിൽവേ മുന്നോട്ട് നീങ്ങുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ഫിക്സഡ് ടൈം ബ്ലോക്ക് ട്രെയിൻ ഡൈവേർഷൻ സംബന്ധിച്ചുള്ള അറിയിപ്പ് റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും എംപി അറിയിച്ചു.

തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ഡിവിഷനൽ റെയിൽവേ മാനേജർ ഡോ മനീഷ് തപ്ലയാൽ, അഡീഷണൽ ഡിവിഷണൽ മാനേജർ, ഡിവിഷനൽ റെയിൽവേ ഓപ്പറേഷൻ, കമേർഷ്യൽ, ഇലക്ട്രിക്കൽ, എൻജിനീയറിങ് മേധാവിമാരും ജൽ ജീവൻ മിഷൻ ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here