തിരുവനന്തപുരം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിൽ. മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് പട്ടികയിലെ സർപ്രൈസ് എൻട്രി.
ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന പേരിലാണ് പരിഗണിക്കുന്നത്. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മുൻതൂക്കം ഉള്ള ശോഭാ സുരേന്ദ്രനെ വെട്ടാനുള്ള നീക്കവും തകൃതിയായി നടക്കുന്നുണ്ട്.
തമിഴ്നാട്ടിൽ അണ്ണാമലൈയെ ഇറക്കിയ മാതൃകയിലാണ് കേരളത്തിൽ ജേക്കബ് തോമസിൻ്റെ സാധ്യത ബിജെപി ദേശീയ നേതൃത്വം പരിശോധിക്കുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ ബിജെപിയിലെ ഒരു വിഭാഗം ജേക്കബ് തോമസിന്റെ പേര് ദേശീയ നേതൃത്വത്തിനു മുൻപാകെ അവതരിപ്പിക്കുകയായിരുന്നു. ഡൽഹിയിൽ ജെപി നദ്ദയെ ജേക്കബ് തോമസ് കണ്ടു കഴിഞ്ഞു. അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിജിലൻസ് കേസുകൾ നേരിടുന്ന മുൻ ഡിജിപി അവസാന ലാപ്പിൽ പുറന്തള്ളപ്പെടും എന്ന് ഔദ്യോഗിക വിഭാഗം കണക്കുകൂട്ടുന്നു.
ഇതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മുൻതൂക്കം ഉള്ള ശോഭാ സുരേന്ദ്രനെ വെട്ടാനുള്ള നീക്കവും തകൃതിയായി നടക്കുന്നുണ്ട്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിൽ എതിർചേരി എത്തിച്ചെങ്കിലും ആരോപണങ്ങൾക്കപ്പുറം രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ നേതൃത്വം. ശോഭയ്ക്കായി പ്രകാശ് ജാവദേക്കർ അരയും തലയും മുറുക്കി കളത്തിലുണ്ട്. ആർഎസ്എസ് പിന്തുണയുള്ള എം ടി രമേശ്, വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും അന്തിമ പട്ടികയിൽ ഉണ്ട്.
ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വൈകാതെ തീരുമാനം പ്രഖ്യാപിക്കും.