കൊല്ലം: നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം ജില്ലാ സെക്രട്ടറിമാർക്കെതിരെ വിമർശനവുമായി പ്രതിനിധികൾ. പത്തനംതിട്ട, കണ്ണൂർ ജില്ലാ സെക്രട്ടറിമാർക്കെതിരെയാണ് വിമർശനം. ജില്ലാ സെക്രട്ടറിമാർ പ്രത്യേകം അഭിപ്രായം പറയുന്നുവെന്നും ഈ സ്ഥിതി ഒഴിവാക്കണമായിരുന്നുവെന്നും എറണാകുളത്ത് നിന്നുള്ള പ്രതിനിധി പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ മാധ്യമങ്ങൾക്ക് വേട്ടയാടാൻ ഇട്ടുകൊടുത്തുവെന്നും സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉയർന്നു. ദിവ്യയ്ക്ക് സംരക്ഷണം നൽകണമായിരുന്നുവെന്ന് കൊല്ലത്തു നിന്നുള്ള പ്രതിനിധിയും സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ആശാവർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനു വീഴ്ച സംഭവിച്ചതായും സമ്മേളനത്തിൽ വിമർശനം ഉയർന്നു. സമരക്കാരുടെ ആവശ്യങ്ങളിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടതു ചെയ്തില്ലെന്നും സമരത്തിലേക്കു തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നുമാണ് പ്രതിനിധികൾ വിമർശിച്ചത്.