തിരുവനന്തപുരം: വനിതാ ദിനത്തിൽ ഓർക്കാൻ വിഴിഞ്ഞത്ത് നിന്നും ചില പോരാളികൾ. സ്ത്രീശക്തീകരണത്തിന്‍റെ മാതൃക സൃഷ്ടിക്കുകയാണ് അദാനി വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. വിഴിഞ്ഞം സ്വദേശികളായ ഏഴ് പേർ ഉൾപ്പെടെ ഒമ്പത് വനിതാ ഓപ്പറേറ്റർമാരാണ് പോർട്ടിലെ യാർഡ് ക്രെയിനുകളുടെ (CRMG) പ്രവർത്തനം നിയന്ത്രിക്കുന്നത്.
ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എൽ. സുനിത രാജ്, ഡി.ആർ. സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി. ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വനിതകളും ടീമിലുണ്ട്. അതീവ വൈദഗ്ദ്ധ്യത്തോടെ ചെയ്യേണ്ട ജോലിയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. പോർട്ട് യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപ്പറേഷൻ സെന്‍ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് നിയന്ത്രിക്കുന്നത്.
സയൻസ് ഡിഗ്രി, പിജി യോഗ്യതയുള്ള ഇവർ അദാനി വിഴിഞ്ഞം പോർട്ടിൽ അദാനി ഫൗണ്ടേഷനു കീഴിലുള്ള അദാനി സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ സഹകരണത്തോടെ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിച്ചത്. അതേസമയം, വിഴിഞ്ഞം വഴിയുള്ള ആദ്യ ജേഡ് സർവീസ് നടത്തുന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ എംഎസ്‌സി മിയ ഇന്നലെ വൈകിട്ട് തുറമുഖത്ത് എത്തി. സിംഗപ്പൂരിൽനിന്ന് വന്ന കപ്പൽ പോർച്ചുഗലിലേക്ക് തിരിച്ചു. 399.99 മീറ്റർ നീളവും 62 മീറ്റർ വീതിയുള്ള ഈ കപ്പലിന്‍റെ ഡ്രാഫ്റ്റ് 16 മീറ്ററാണ്. 23,756 TEUs കണ്ടെയ്നർ വാഹകശേഷിയുള്ള കപ്പലിന് 197,500 ടൺ വഹിക്കാനുള്ള ശേഷിയുണ്ട്. ഈ വിഭാഗത്തിൽ വരുന്ന കപ്പലുകൾ ആധുനിക സജ്ജീകരണങ്ങളുടെ പ്രവർത്തിക്കുന്നവയാണ്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള കണ്ടെയ്നറുകളുടെ സുരക്ഷയും സംരക്ഷണവും ഈ കപ്പലുകളുടെ പ്രത്യേകതയാണ്. രണ്ട് ടവർ ഉള്ള അഗ്നിരക്ഷാ സംവിധാനവും ഈ കപ്പലുകളിൽ ഉണ്ട്. ചൈനയിലെ ക്വിങ്‌ദാവോ തുറമുഖത്തിൽ നിന്ന് ആരംഭിച്ച യാത്ര ദക്ഷിണ കൊറിയയിലെ ബുസാൻ തുറമുഖം, ചൈനയിലെ നിങ്‌ബോ-ഷൗഷാൻ തുറമുഖം, ചൈനയിലെ ഷാങ്ഹായ് തുറമുഖം, ചൈനയിലെ യാന്റിയൻ തുറമുഖം, സിംഗപ്പൂർ തുറമുഖം വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തിച്ചെർന്നത്. ഇവിടെനിന്ന് ചരക്ക് നീക്കത്തിന് ശേഷം കപ്പൽ സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിക്കും അവിടെനിന്ന് സ്‌പെയിനിലെ ബാഴ്‌സലോണ തുറമുഖം, ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്ത് യാത്രാവസാനിക്കും. തുറമുഖത്ത് 200-മത്തെ കപ്പൽ എഎസ് അൽവ ബെർത്ത് ചെയ്തു. ഇക്കാലയളവിനുള്ളിൽ ഇതുവരെ 3.98 ലക്ഷം ടിഇയു കണ്ടെയ്നറാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്.