2025 മാർച്ച് 08 ശനി
BREAKING NEWS
🌸ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും: അവകാശങ്ങള്‍. സമത്വം. ശാക്തീകരണം’ എന്ന വിഷയത്തിലാണ് ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. ഏവർക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ ആശംസകൾ🌸

🌴കേരളീയം🌴
🙏 സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ എംവി ഗോവിന്ദന് വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. പദവികളെല്ലാം കണ്ണൂരുകാര്‍ക്ക് വീതം വെക്കുന്നെന്ന രൂക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദനെതിരെ ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ പോലും ആളില്ലാതെ മുഖ്യമന്ത്രി ഒറ്റപ്പെടുകയാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
🙏 സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് ഗവര്‍ണര്‍ മുന്‍കൂര്‍ അനുമതി നല്‍കി. കുസാറ്റ്, കെടിയു, മലയാളം സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനാണ് നിയമ സഭയില്‍ അവതരിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി. നേരത്തെ മുന്‍കൂര്‍ അനുമതി നല്‍കാത്തതിനാല്‍ ഈ ബില്ലിന്റെ അവതരണം സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു.

🙏 സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ നിയമനത്തില്‍ നിര്‍ണ്ണായക ഇടെപലുമായി സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലെ സ്പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ തസ്തികകള്‍ 12 ആഴ്ചകള്‍ക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാനാണ് സൂപ്രീം കോടതി നിര്‍ദ്ദേശം.
🙏 ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് എംഎസ് സൊല്യൂഷന്‍ സിഇഒ കൂടിയായ ഷുഹൈബിനെ റിമാന്‍ഡ് ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും. ചോദ്യപേപ്പര്‍ അധ്യാപകര്‍ക്ക് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്നലെ തള്ളി.

🙏 പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ലഹരിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എസ്.നസീബാണ് പിടിയിലായത്. എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.
🙏 താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. താനൂരില്‍ നിന്നും എത്തിയ പൊലീസ് സംഘത്തോടൊപ്പമാണ് പെണ്‍കുട്ടികള്‍ ട്രെയിനില്‍ നാട്ടിലേക്ക് വരുന്നത്. ഇന്ന് വൈകിട്ടോടെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്ക് അടുത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
🙏 പൊതുജനങ്ങളുടെ ജീവനും വസ്തുവകകള്‍ക്കും കൃഷിക്കും സൈ്വര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവര്‍ക്ക് നല്‍കുന്ന ഹോണറേറിയം വര്‍ദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാന്‍ അംഗീകാരമുള്ള ഷൂട്ടര്‍മാര്‍ക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാല്‍ 1500 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും.

🙏 മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
🙏വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അഫാനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ്. വൈകിട്ട് നാലരയോടെയാണ് പൊലിസ് സംഘം അഫാനുമായി പാങ്ങോട് സ്റ്റേഷനില്‍ നിന്നിറങ്ങിയത്.

🙏 യുവാവിന്റെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ക്വട്ടേഷന്‍ നല്‍കിയ ആളെയും ഗുണ്ടാ സംഘത്തിലെ അംഗത്തേയുമാണ് ഫറൂഖ് പൊലീസ് പിടികൂടിയത്. കരുമകന്‍ കാവിന് സമീപം താമസിക്കുന്ന ലിന്‍സിത്ത് ശ്രീനിവാസന്‍ (37)എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാളേയും ക്വട്ടേഷന്‍ സംഘത്തിലെ ജിതിന്‍ റൊസാരിയോ(27) എന്ന യുവാവിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
🙏 ഒറ്റപ്പാലത്ത് സി.പി.എം ഭരിക്കുന്ന സഹകരണ അര്‍ബന്‍ ബാങ്കില്‍ വന്‍ ക്രമക്കേട്. ബാങ്ക് സീനിയര്‍ അക്കൗണ്ടന്റ് മോഹന കൃഷ്ണന്‍ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി. മോഹന കൃഷ്ണനെ സസ്പെന്റ് ചെയ്ത് ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. മോഹനകൃഷ്ണനും സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള 3 ബന്ധുക്കള്‍ക്കും എതിരെ പൊലീസ് കേസെടുത്തു.
🙏 തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമര്‍ശം നടത്തിയ ചാണക്യ ന്യൂസ് ടിവി ഉടമ അറസ്റ്റില്‍. നിലമ്പൂര്‍ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്. ആര്യ രാജേന്ദ്രന്റെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.

🇳🇪 ദേശീയം 🇳🇪
🙏 ഉത്സവ സീസണുകളിലെ തിക്കും തിരക്കും മഹാ കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തവും പരിഗണിച്ച് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ നീക്കവുമായി റെയില്‍വേ മന്ത്രാലയം. രാജ്യത്തുടനീളമുള്ള 60 റെയില്‍വേ സ്റ്റേഷനുകളിലാണ് പുതിയ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പിലാക്കുക. ഈ 60 സ്റ്റേഷനുകള്‍ക്ക് പുറത്ത് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. ട്രെയിന്‍ എത്തുമ്പോള്‍ മാത്രമേ യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാന്‍ അനുവദിക്കൂ.
🙏 മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിഷയവുമായി ബന്ധപ്പെട്ട് കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം സ്റ്റാലിന്‍ വിളിച്ചു. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം നടക്കുക.സംയുക്ത സമിതി രൂപീകരിച്ച് മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ സമ്മര്‍ദം ചെലുത്താനാണ് സ്റ്റാലിന്റെ നീക്കം.

🙏 തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് ചെന്നൈയില്‍ ഇഫ്താര്‍ പാര്‍ട്ടി ഒരുക്കി. ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ടിച്ച താരം ഇഫ്താറിന് മുമ്പുള്ള പ്രാര്‍ഥനയിലും പങ്കെടുത്തു. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായിട്ടാണ് വിജയ് ഇഫ്താര്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.
🙏 ഗായിക ശ്രേയ ഘോഷാലിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് പോലീസ്. ഇത്തരണം തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് സൈബര്‍ ക്രൈം പോലീസ് ആവശ്യപ്പെട്ടു.
🙏 തെലങ്കാന ടണല്‍ ദുരന്തസ്ഥലത്ത് മനുഷ്യശരീരത്തിന്റെ ഗന്ധം ലഭിച്ച രണ്ട് ഇടങ്ങള്‍ കണ്ടെത്തി കേരളത്തില്‍ നിന്നുള്ള കഡാവര്‍ നായ്ക്കളായ മായയും മര്‍ഫിയുമാണ് ഇന്നലെ രാവിലെ ടണലിന് അകത്ത് പരിശോധന നടത്തിയത്. ഈ രണ്ട് ഇടങ്ങളിലേക്കും മണ്‍വെട്ടി കൊണ്ട് മാത്രമേ ഇന്നലേയും പരിശോധിക്കാന്‍ സാധിച്ചുള്ളൂ.

🙏 ഇന്ത്യന്‍ വ്യോമ സേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം സിസ്റ്റം തകരാര്‍ മൂലം തകര്‍ന്നു വീണു. ഹരിയാനയിലെ പഞ്ചകുളയ്ക്കടുത്താണ് സംഭവം.
🙏 അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസില്‍ നിന്നും നാടുകടത്തിയ പതിനൊന്ന് ഇന്ത്യക്കാര്‍ക്ക് ഇഡിയുടെ നോട്ടീസ്. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി സമന്‍സ് അയച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് നടപടി.
🙏 ഐപിഎസ് ഓഫീസറുടെ മകളും നടിയുമായി രന്യ റാവു സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതിന് പിന്നാലെ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ നടപടികള്‍ പുനക്രമീകരിക്കാന്‍ തീരുമാനം.

🇦🇺 അന്തർദേശീയം 🇦🇽
🙏 ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറില്‍ ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ച് ഇറാന് കത്തെഴുതിയതായി ട്രംപ് അറിയിച്ചു.
🙏 യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവഭീഷണിക്കിടെ ഇന്ത്യയും ചൈനയും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. അധികാരരാഷ്ട്രീയത്തേയും ‘ഹെജിമണി’ (മേധാവിത്വം)യേയും എതിര്‍ക്കുന്നതില്‍ ഇരുരാജ്യങ്ങളും നേതൃപരമായ പങ്കുവഹിക്കണമെന്ന് വാങ് യി ആവശ്യപ്പെട്ടു.

🙏 റഷ്യയ്ക്ക് എതിരെ ഉപരോധ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായുള്ള വാഗ്വാദത്തിനും അനിശ്ചിതത്വങ്ങള്‍ക്കും പിന്നാലെയാണ് ട്രംപ് ഇപ്പോള്‍ റഷ്യയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്.
🏏 കായികം 🏑
🙏 ഐഎസ്എല്ലിലെ അവസാന ഹോം മാച്ചില്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തേതന്നെ അവസാനിച്ച ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ ജയത്തോടെ അവസാനിപ്പിക്കാനായി.

🙏 മോണ്ടെനെഗ്രോ
യിലെ പെട്രോവാക്കില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അഭിമാനമായി വീണ്ടുമൊരു ചെസ് ചാംപ്യന്‍. കര്‍ണാടക സ്വദേശിയായ 18 വയസുകാരന്‍ പ്രണവ് വെങ്കടേഷാണു ലോക ജൂനിയര്‍ കിരീടം നേടിയത്. 63 രാജ്യങ്ങളില്‍ നിന്നായി 12 ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ഉള്‍പ്പടെ 157 താരങ്ങളെ പിന്നിലാക്കിയാണ് പ്രണവ് ഈ നേട്ടം സ്വന്തമാക്കിയത്.