മലപ്പുറം: താനൂരിലെ
പെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത ഇൻസ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുംബൈയിൽ നിന്ന് രാവിലെ നാട്ടിലെത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് റഹിം അസ്ലമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും.
പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് കേരളത്തിലേക്ക് വരുന്നത്.
കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർത്ഥികൾക്ക് കൗൺസിലിങും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും.
കുട്ടികള്‍ ഉല്ലാസത്തിനുവേണ്ടി മാത്രമാണ് മുംബൈയിൽ വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനമെന്ന് എസ്ഐ സുജിത്ത് പറഞ്ഞു. വീട് വിട്ടിറങ്ങിയതിൽ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് കണ്ടെത്താൻ നിലവിൽ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും നാട്ടിലെത്തിയശേഷം വിശദമായി അന്വേഷിക്കുമെന്നും എസ്ഐ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്.