കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻബാബുവിനെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികൾ. നവീൻബാബുവിൻറ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് നിർണ്ണായക വിവരങ്ങൾ. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോൾ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം.
14-10–2024 ലെ വിവാദ യാത്രയപ്പിൽ നവീൻ ബാബുവിനെ പിപി ദിവ്യ പരസ്യമായി അധിക്ഷേപിച്ചത് ഒരാകസ്മിക സംഭവമായിരുന്നില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ തെളിയുന്നത്. ആദ്യം യാത്രയപ്പ് നിശ്ചയിച്ചത് 11ന്. അന്ന് അവധി പ്രഖ്യാപിച്ചതിനാൽ ചടങ്ങ് മാറ്റി. അന്ന് പിപി ദിവ്യ കലക്ടറെ പലതവണ വിളിച്ചു, രാത്രിയിലെ ഫോൺ സംഭാഷണത്തിൽ കലക്ടറുടെ ഓഫീസ് സ്റ്റാഫിനെതിരെ സുപ്രധാന വിവരം പങ്ക് വെക്കാനുണ്ടെന്ന് പറഞ്ഞതായി അരുൺ കെ വിജയൻറെ മൊഴിയുണ്ട്.
പരിപാടിക്ക് ശേഷം ദിവ്യ ആവശ്യപ്പെട്ട പ്രകാരം വീഡിയോ ഫുട്ടേജ് കൈമാറിയെന്നും കണ്ണൂർ വിഷൻ പ്രതിനിധികൾ വെളിപ്പെടുത്തി. യാത്രയപ്പിന് ശേഷം വൈകീട്ട് പിപി ദിവ്യ കലക്ടറെ വിളിക്കുന്നു. നവീൻബാബുവിനെതിരെ സർക്കാറിന് പരാതി കിട്ടിയിട്ടുണ്ടെന്നും അടിയന്തിര അന്വേഷണം ഉണ്ടാകുമെന്നും ദിവ്യ. ഇത്രയൊക്കെ ചെയ്തിട്ടും ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർക്ക് ദിവ്യ നൽകിയ മൊഴി നോക്കാം.14ന് രാവിലത്തെ പരിപാടിയിൽ വെച്ച കലക്ടറാണ് യാത്രയയപ്പിലേക്ക് തന്നെ ക്ഷണിച്ചത്.
എന്നാൽ ദിവ്യ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്. കലക്ടറേറ്റിലേക്ക് വഴി പോകുന്നതിന്റെ ഇടക്കാണ് ഇങ്ങിനെയൊരു യാത്രയപ്പ് നടക്കുന്നുണ്ടെന്ന് മനസ്സിലായതെന്നായിരുന്നു ദിവ്യയുടെ പ്രസംഗം. എന്നാൽ ദിവ്യയെ താനടക്കം ആരും യാത്രയയപ്പിലേക്ക് ക്ഷണിച്ചില്ലെന്ന് കലക്ടർ വ്യക്തമാക്കുന്നു. പരാതി നൽകി എന്ന് ദിവ്യ പറയുമ്പോഴും ഇത് വരെ നവീൻ ബാബുവിനെതിരെ ഒരുപരാതിയുമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വിജിലൻസ് വ്യക്തമാക്കിയത്. നവീൻ ബാബുവിനെ ആക്ഷേപിക്കാൻ പിപി ദിവ്യ വലിയ ആസൂത്രണം നടത്തിയെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഇനി ഇതിലെ പ്രധാന കണ്ടെത്തലുകൾ കൂടി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല. പെട്രോൾ പമ്പിൻറെ അനുമതിയിൽ ഒരു കാലതാമസവും ഉണ്ടാക്കിയിട്ടുമില്ല.