കൊല്ലം: സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഇന്നു തെരഞ്ഞെടുക്കുമ്പോൾ 15 പുതുമുഖങ്ങളെങ്കിലും അതിൽ ഇടം പിടിക്കാൻ സാധ്യത. 88 അംഗ കമ്മിറ്റി വികസിപ്പിക്കാൻ തീരുമാനിച്ചാൽ പുതുമുഖങ്ങൾ ഇനിയും വർധിക്കാം. സംസ്ഥാനകമ്മിറ്റിയിൽ വരാൻ പോകുന്നത് വൻ അഴിച്ചുപണിയാണ് എന്നതുകൊണ്ടു തന്നെ 25 ൽ ഏറെപ്പേർ കമ്മിറ്റി അംഗത്വം പ്രതീക്ഷിച്ച് രംഗത്തുണ്ട്.
പുതിയ അഞ്ച് ജില്ലാ സെക്രട്ടറിമാരായ എം.രാജഗോപാലൻ, എം.മെഹബൂബ്, കെ.റഫീഖ്, വി.പി.അനിൽ, കെ.വി.അബ്ദുൽ ഖാദർ എന്നിവർ ഉറപ്പായും സംസ്ഥാന കമ്മിറ്റിയിൽ വരും. കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി തെരഞ്ഞെടുക്കപ്പെട്ട ജോൺ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവരെ പൂർണ അംഗങ്ങളാക്കിയേക്കാം.
75 എന്ന പ്രായപരിധിയുടെ പേരിൽ 15 പേർ ഒഴിയാൻ ഇടവരുന്നതും പാർട്ടി അംഗത്വം വർധിച്ചതിന് ആനുപാതികമായി സംസ്ഥാന കമ്മിറ്റി വിപുലമാകാനുള്ള സാധ്യതയുമാണു പുതുമുഖങ്ങൾക്ക് അവസരമൊരുക്കുന്നത്. കോടിയേരി ബാലകൃഷ്ണനും എ.വി.റസലും അന്തരിച്ചതു മൂലം ഉണ്ടായ ഒഴിവുകളുമുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ ന്യൂനപക്ഷ, വനിതാ പ്രാതിനിധ്യം കൂട്ടും.
സാധ്യതാ പട്ടികയിലെ മറ്റുള്ളവർ: മന്ത്രിമാരായ ആർ.ബിന്ദു, വീണാ ജോർജ്, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, ഡി.കെ.മുരളി, എച്ച്.സലാം, കെ.എം.സച്ചിൻദേവ്, എം.നൗഷാദ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, അല്ലെങ്കിൽ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, യു.പി.ജോസഫ്, കാരായി രാജൻ, എം.പ്രകാശൻ, ജോൺ ഫെർണാണ്ടസ്, പുഷ്പ ദാസ്, ടി.ആർ.രഘുനാഥൻ, ജെയ്ക് സി.തോമസ്, കെ.എസ്.സുനിൽകുമാർ, എൻ.സുകന്യ, എസ്.കെ.പ്രീജ, കെ.അനുശ്രീ, കെ.എച്ച്.ബാബുജാൻ, എസ്.ജയമോഹൻ, എക്സ്.ഏണസ്റ്റ്, സബിത ബീഗം, പി.കെ.ഗോപൻ.