സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം; തലമുറ മാറ്റത്തിനൊരുങ്ങി സിപിഎം

Advertisement

കൊല്ലം: മൂന്നാം തവണയും ഭരണം എന്ന ചർച്ച സജീവമാക്കി സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം. ‘നവ കേരളത്തിന്‍റെ പുതുവഴികൾ’ എന്ന രേഖയിലെ ചർച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകും. അതിനുശേഷം നിലവിലെ സംസ്ഥാന കമ്മിറ്റി ചേർന്ന് പുതിയ പാനൽ തയാറാക്കും. സംസ്ഥാന സമ്മേളനം ഇത് അംഗീകരിച്ചാൽ പുതിയ സംസ്ഥാന കമ്മിറ്റി ചേർന്ന് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കും. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത.

ജില്ലാ സെക്രട്ടറിമാരായ കെ.റഫീഖ്, പി.വി. അനിൽ, കെ.വി.അബ്ദുൽ ഖാദർ, എം.രാജഗോപാൽ, എം.മഹബൂബ് എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ വരും. ഡിവൈഎഫ്ഐ ഭാരവാഹികളായ വി.കെ. സനോജും വി. വസിഫും സംസ്ഥാന കമ്മിറ്റിയിൽ എത്താനാണ് സാധ്യത. കോട്ടയത്ത് ജെയ്ക് സി. തോമസിന്റെ പേര് പരിഗണിക്കുന്നുണ്ട്. കണ്ണൂരിൽ നിന്ന് എൻ. സുകന്യ സംസ്ഥാന കമ്മിറ്റിയിൽ വന്നേക്കും. തിരുവനന്തപുരത്തുനിന്ന് ഡി.കെ. മുരളി, എസ്.കെ. പ്രീജ എന്നിവരുടെ പേരും കേൾക്കുന്നു. കൊല്ലത്തുനിന്ന് എസ്. ജയമോഹൻ, എം. നൗഷാദ്, എസ്.ആർ.അരുൺ ബാബു എന്നിവരിൽ ചിലർ സംസ്ഥാന കമ്മിറ്റിയിൽ വരും.

ആലപ്പുഴയിൽ നിന്ന് പി.പി. ചിത്തരജ്ഞനും കെ.എച്ച് ബാബുജാനും പരിഗണനയിലുണ്ട്. പ്രായപരിധിയുടെ പേരിൽ പി.കെ. ശ്രീമതി, എ.കെ. ബാലൻ, ആനാവൂർ നാഗപ്പൻ എന്നിവർ ഒഴിവാകും. പി. നന്ദകുമാറും എൻ.ആർ. ബാലനും എൻ.കെ. കണ്ണനും ഗോപി കോട്ടമുറിക്കലും ഒഴിയാനാണ് സാധ്യത. കൊല്ലത്ത് നിന്ന് സൂസൻ കോടിയും പി. രാജേന്ദ്രനും കെ. വരദാജനും ഒഴിഞ്ഞേക്കും. സെക്രട്ടറിയേറ്റിനെ ഇന്ന് തന്നെ തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്താൽ എം.ബി. രാജേഷ്, ടി.എൻ. സീമ, പി.ശശി, എം.വി. ജയരാജൻ തുടങ്ങിയവർ പരിഗണനയിലുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here