വാർത്താനോട്ടം

Advertisement


2025 മാർച്ച് 09 ഞായർ

BREAKING NEWS

👉സംസ്ഥാനത്ത് ഇന്നലെ രാത്രി നടന്ന പരിശോധനയിൽ മയക്ക് മരുന്നുമായി 77 പേർ പിടിയിൽ

👉സി പി എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും,

👉സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും.
പുതിയ സംസ്ഥാന സമിതി അംഗങ്ങളെ തിരഞ്ഞെടുക്കും.

👉 വൈകിട്ട് ആശ്രാമം മൈതാനിയിൽ പൊതുസമ്മേളനം

🌴കേരളീയം🌴

🙏 കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

🙏 കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ബാബുവിനെ യാത്രയയപ്പ് ചടങ്ങില്‍ പരസ്യമായി അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ബാബുവിന്റ മരണത്തെകുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായക വിവരങ്ങള്‍. പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

🙏 വന്‍തോതില്‍ സ്വകാര്യ നിക്ഷേപം ആര്‍ജിക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയ്ക്ക് സിപിഎം സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പൂര്‍ണ പിന്തുണ. സ്വകാര്യ പങ്കാളിത്തത്തിന് പുറമെ സെസും ഫീസും അടക്കമുള്ള നിര്‍ദേശങ്ങളില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന നിര്‍ദേശം മാത്രമാണ് സമ്മേളന ചര്‍ച്ചയില്‍ ഉയര്‍ന്നത്.

🙏 നവകേരളയ്ക്ക് പുതുവഴിയെന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയിലെ സ്വകാര്യ നിക്ഷേപം ആര്‍ജിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൊതുമേഖലയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലൊന്നും പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) നടപ്പാക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

🙏 മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ മലപ്പുറത്തെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു.

🙏 മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ച കേസില്‍ അറസ്റ്റിലായ മൂന്നുപേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ബസ് ജീവനക്കാരായ മുഹമ്മദ് നിഷാദ്, സിജു, സുജീഷ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

🙏 കോടതിമുറിയില്‍ പരസ്യമായി ആപമാനിച്ചെന്ന ആരോപണത്തില്‍ അഭിഭാഷകയോട് മാപ്പുപറഞ്ഞ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ ബദറുദ്ദീന്‍. ചീഫ് ജസ്റ്റീസിന്റെ ചേംബറിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. അഭിഭാഷകയെ പരസ്യമായി ശാസിക്കുകയും അപമാനിക്കുകയും ചെയ്തെന്ന ആരോപണത്തില്‍ കോടതി ബഹിഷ്‌കരണവുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷനും രംഗത്തെത്തിയിരുന്നു.

🙏 ഏറ്റുമാനൂരില്‍ മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പാറോലിക്കലിലെ ഷൈനിയുടെ വീട്ടില്‍ നിന്നാണ് പൊലീസ് ഫോണ്‍ കണ്ടെത്തിയത്.ഫോണ്‍ കാണാതായതിലെ ദുരൂഹത വാര്‍ത്തയായതിന് പിന്നാലെയാണ് ഇന്നലെ ഷൈനിയുടെ വീട്ടില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയത്.നിലവില്‍ ഫോണ്‍ ലോക്കായ നിലയിലായിലാണ്.

🙏 കാസര്‍കോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരന്‍ മരിച്ചു. കയ്യൂര്‍ മുഴക്കോം, വലിയപൊയിലില്‍ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. .

🇳🇪 ദേശീയം 🇳🇪

🙏 ദില്ലി വിമാനത്താവളത്തില്‍ വയോധികയ്ക്ക് വീല്‍ചെയര്‍ നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. യാത്രക്കാരി വന്നത് വൈകിയാണെന്നും തിരക്ക് കാരണം യാത്രക്കാരിയും ബന്ധുക്കള്‍ക്കും കാത്തിരുന്ന സമയത്ത് വീല്‍ ചെയര്‍ നല്‍കാനായില്ലെന്നും എയര്‍ ഇന്ത്യ വക്താവ് വിശദീകരിച്ചു.

🙏 ഗുജറാത്തിലെ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നിഷ്‌ക്രിയരാണെന്നും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

🙏 കര്‍ണാടകയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഹംപിയെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഗംഗാവതി സ്വദേശികളായ ചേതന്‍ സായ്, സായ് മല്ലു എന്നിവര്‍ ആണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു എന്നും കൊപ്പല്‍ എസ് പി അറിയിച്ചു. കര്‍ണാടകയിലെ ഹംപിയില്‍ വിദേശ വനിതയെയും ഹോം സ്റ്റേ ഉടമയേയുമാണ് കൂട്ടബലാത്സംഗം ചെയ്തത്.

🙏 കള്ളക്കടത്തുകാര്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വിവിധ വിമാനത്താവളങ്ങള്‍വഴി സ്വര്‍ണം കൊണ്ടുവരുന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് സി.ബി.ഐ. സ്വര്‍ണക്കടത്തുകേസില്‍ കന്നഡ നടി റന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സി.ബി.ഐയുടെ നീക്കം.

🇦🇽 അന്തർദേശീയം 🇦🇺

🙏 ആണവ കരാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണത്തിനു മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി. ട്രംപിന്റെത് വെറും ഭീഷണി തന്ത്രമാണെന്നാണ് ഖമനേയി പ്രതികരിച്ചത്. എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തുന്നിടത്തോളം കാലം ഇറാന്‍ യുഎസുമായി ചര്‍ച്ച നടത്തില്ലെന്ന് ടെഹ്‌റാന്‍ വിദേശകാര്യ മന്ത്രിയും പറഞ്ഞു.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ സഹായം മരവിപ്പിച്ചതോടെ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ജീവനക്കാരെ പിരിച്ചുവിടാനും നിരവധി രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്.

🏏 കായികം🏏

🙏 ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ന് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് 2.30 നാണ് മത്സരം ആരംഭിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. രോഹിത്തും കൂട്ടരും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here