തിരുവനന്തപുരം. ആറ്റുകാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ മർദ്ദിച്ചെന്ന പരാതിയിൽ സിപിഎം കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ആറ്റുകാൽ കൗൺസിലർ ആർ ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് കോൺഗ്രസ്, ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് ചിറമുക്ക് ജംഗ്ഷനിൽ വെച്ച് പോലീസ് തടഞ്ഞു. മാർച്ചിനെ തുടർന്ന് മേടമുക്ക്, ചിറമുക്ക് ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇതോടെ ദർശനത്തിനെത്തിയ ഭക്തർ വലഞ്ഞു. ഇന്നലെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പരുക്കേൽപ്പിച്ചെന്ന പരാതിയിൽ ഉണ്ണിക്കൃഷ്ണന് എതിരെ ഫോർട്ട് പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തത്.
ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകലാണ് ചുമത്തിയിരിക്കുന്നത്. പ്രദേശവാസികളും വയോധികരുമായ 2 സ്ത്രീകളെയും കൂട്ടി എത്തിയ ഉണ്ണിക്കൃഷ്ണൻ ഇവരെ കടത്തിവിടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. കടത്തിവിടില്ലെന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ പുറത്തുവന്ന സിസിടിവിയിൽ ഉണ്ണിക്കൃഷ്ണൻ വനിത ഉദ്യോഗസ്ഥയെ മനപ്പൂർവം ആക്രമിക്കുന്നതോ, വീണ് പരിക്കേൽന്നതോ ഇല്ല.