കാസര്‍ഗോഡ്. പൈവളിഗെയില്‍ കാണാതായ പതിനഞ്ച് വയസുകാരിയെയും അയൽവാസിയെയും 26 ദിവസത്തിന് ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ വീടിന് സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
ഫെബ്രുവരി 12ന് പുലർച്ചെയാണ് പെൺകുട്ടിയെ കാണാതായത്. അയൽവാസിയായ 42 കാരൻ പ്രദീപിനെയും അന്നുതന്നെ കാണാതായി. ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ ലഭിച്ചത് വീടിന് ഒരു കിലോ മീറ്റർ പരിധിയിൽ. ഡ്രോൺ, ഡോഗ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് പൊലീസ് പല ഘട്ടങ്ങളിലായി തിരച്ചിൽ നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചില്ല. സിസിടിവികൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലും എങ്ങുമെത്തിയില്ല.
പൊലീസിന്റെ അന്വേഷണം ഊർജിതമല്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
ഒടുവിൽ ഇന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ വീടിന് 200 മീറ്റർ അകലെ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരുടെയും മൊബൈൽ ഫോണുകളും കത്തിയും സമീപത്ത് നിന്ന് കണ്ടെത്തി. പതിനഞ്ചുകാരിയെ കാണാതായിട്ടും അന്വേഷണത്തിൽ അലംഭാവമുണ്ടായെന്ന് പരാതിയുണ്ട്
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇനി അറിയേണ്ടത് ആത്മഹത്യയെങ്കിൽ എന്താണ് അതിലേക്ക് നയിച്ച കാരണം