വയനാട്.മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താത്തതില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വയനാട്ടിലെ ചുണ്ടേലില്‍ ആദിവാസി ഉന്നതിയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ അതൃപ്തി അറിയിച്ചത്. ഡിഎഫ്ഒയോ മറ്റ് ഉദ്യോഗസ്ഥരോ എത്താത്തതിനെതിരെയാണ് ഗവര്‍ണര്‍ രംഗത്ത് വന്നത്.
പൂക്കോട് വെറ്റനറി കോളേജില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിന് ശേഷം ചുണ്ടേൽ വട്ടക്കുണ്ട് ഉന്നതിയിലെത്തിയപ്പോഴാണ് വനംവകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുടെ അസാന്നിധ്യം ഗവർണറുടെ ശ്രദ്ധയിൽപ്പെട്ടത്.ഗോവാ സ്പീക്കര്‍ രമേശ് തവാദ്കർക്കൊപ്പം ഊരിലെത്തിയ ഗവർണർ ഊര് നിവാസികളുടെ പരാതികള്‍ കേട്ടു. കുടിവെള്ളം, പട്ടയം, കാട്ടാനശല്യം, കരം അടയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രദേശവാസികളുന്നയിച്ചത്. പരാതികളില്‍ വിശദീകരണം തേടാന്‍ ഗവര്‍ണര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചപ്പോള്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ല.പിന്നീടാണ് സെഷന്‍ ഓഫീസറും സംഘവും എത്തിയത്. ഇതോടെ ഡിഎഫ്ഒ എത്താത്തതിലെ അതൃപ്തി ഗവർണർ പരസ്യമാക്കുകയായിരുന്നു.
യോഗത്തിന് ശേഷം കല്‍പ്പറ്റ റസ്റ്റ് ഹൌസില്‍ എത്തിയ ഗവര്‍ണറെ ഡിഎഫ്ഒ അജിത് കെ രാമന്‍ നേരില്‍കണ്ടു. ഉന്നതിയില്‍നിന്ന് ഉയര്‍ന്ന പരാതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഭൂമിയുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങളടക്കം ഗവര്‍ണറെ ധരിപ്പിച്ചു. ഫെന്‍സിംഗ് അടക്കം വൈകുന്നതിനെ കുറിച്ചുള്ള വിവരങ്ങളും ബോധ്യപ്പെടുത്തി. കല്‍പ്പറ്റയില്‍നടന്ന ഗോത്രപര്‍വം പരിപാടിയിലും ഗവര്‍ണര്‍ പങ്കെടുത്തു