കൊല്ലം. വിഭാഗീയതയെ വിട്ടുവീഴ്ചയില്ലാതെ നേരിടുമെന്ന സന്ദേശമാണ് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിലുടെ സി പി ഐ എം നൽകുന്നത്. കൊല്ലത്തെ മുതിർന്ന വനിത നേതാവെന്ന പരിഗണന പോലും സൂസൻ കോടിയ്ക്ക് ലഭിച്ചില്ല.
വിഭാഗീയത സംസ്ഥാനത്തെ പാർട്ടിയിൽ അവസാനിച്ചുവെന്ന് സംസ്ഥാനത്തെ സി പി ഐ എം നേതാക്കൾ ഊറ്റം കൊള്ളുമ്പോഴായിരുന്നു നാണക്കേടായി ആതിഥേയ ജില്ലയിലെ കരുനാഗപ്പള്ളിയില്‍ നടന്ന സമ്മേളനങ്ങൾ. വിഭാഗീയ പ്രവർത്തനങ്ങൾക്ക് ശക്തമായ നടപടിയുണ്ടാകുമെന്ന് സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് കരുനാഗപ്പള്ളി വിഭാഗീയതയില്‍ പങ്കുണ്ടെന്ന് സി പി ഐ എം കരുതുന്ന സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത്.
സമ്മേളനങ്ങൾ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സൂസൻ കോടി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. കൊല്ലത്തെ മുതിർന്ന വനിതാ നേതാവായ സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത് ഫലത്തിൽ വിഭാഗീയതയ്ക്ക് എതിരായ നടപടിയായി വ്യഖ്യാനിക്കാം. എത്ര മുതിർന്ന നേതാവായാലും ഇനിയും പാർട്ടിയ്ക്കുള്ളിൽ വിഭാഗീയത അനുവദിക്കില്ലെന്നും കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമാണ് ഇതിലൂടെ സി പി ഐ എം നൽകുന്നത്.
സൂസന്‍കോടിയുടെ വളര്‍ച്ച സ്വയം നശിച്ചിട്ടായാലും തടഞ്ഞുവെന്ന സമാധാനം കരുനാഗപ്പള്ളിയിലെ വസന്തന്‍പക്ഷത്തിന് ലഭിക്കും. കഴിഞ്ഞ സമ്മേളനത്തിന് ശേഷവും ഒരു ഒതുക്കവുമില്ലാതെ വസന്തന്‍പക്ഷത്തിന് പ്രോല്‍സാഹനം നല്‍കിയ സംസ്ഥാന നേതൃത്വമാണ് പക്ഷേ സൂസന്‍കോടിയെ ചാവേറാക്കിയതെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നുണ്ട്. പി ആര്‍ വസന്തന്‍റെ കൈവിട്ട പോക്കിന് പിന്തുണ നല്‍കിയ ഇവരാരും പ്രതിസ്ഥാനത്ത് എത്തിയില്ലെന്നതും സൂസന്‍കോടിക്ക് കിട്ടിയ ശിക്ഷ നീതിപൂര്‍വമല്ലെന്ന് വിലയിരുത്തുന്ന വിഭാഗത്തിന് അഭിപ്രായമുണ്ട്.