കൊല്ലം. സിപിഎം എന്ന പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപ്രമാദിത്വം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു കൊല്ലം സംസ്ഥാന സമ്മേളനം. വിവാദ വിഷയങ്ങൾ ഏറെ ഉണ്ടായിട്ടും പിണറായിക്കെതിരെ പേരിന് പോലും എതിർ ശബ്ദമുയർന്നില്ല എന്നത് ശ്രദ്ധേയമായി.പാർട്ടി എതിർത്തു പോന്നിരുന്ന കാര്യങ്ങളിൽ നിന്നുളള നയം മാറ്റം ഉണ്ടായിട്ടും നവകേരള രേഖ
സമ്മേളനം ഭേദഗതികൾ ഇല്ലാതെ അംഗീകരിച്ചതും പിണറായി വിജയൻറെ അധീശത്വത്തിന് അടിവരയിടുന്നു
സി.പി.ഐ.എം സമം പിണറായി എന്നതിന് ഇനി തര്‍ക്കമില്ല. പിണറായി വിജയൻ
എന്ന നേതാവും വ്യക്തിയും അത്രമേൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ സമ്മേളനമായിരുന്നു ഇന്നലെ കൊല്ലത്ത് കൊടിയിറങ്ങിയത്.ഒരു മലയോര കോണ്‍ഗ്രസ് പാര്‍ട്ടി സ്വന്തം നേതാവിന് കീഴിലെങ്ങനെയോ അതായിരുന്നു പിണറായിയുടെ അധീശത്വത്തിന് മുന്നില്‍ സിപിഎം നിന്ന നില്‍പ്.
കുടുംബത്തിന് നേരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്
ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയത്.അതുകൊണ്ടു തന്നെ പിണറായി വിജയനെതിരെ ആസൂത്രിത നീക്കം ഉണ്ടാകുമെന്നായിരുന്നു പൊതുവേയുളള ധാരണ. എന്നാൽ അൻവറിനെ മുന്നണിക്ക് പുറത്തേക്ക്
തളളിയ പിണറായി പാർട്ടിയിലെ അൻവറിൻെറ പിന്തുണക്കാർക്ക് ശക്തമായ സന്ദേശമാണ് നൽകിയത്.
അതോടെ സമ്മേളനങ്ങൾ വീണ്ടും പിണറായിയുടെ വഴിക്ക് വന്നു, പാർട്ടിയും.സംസ്ഥാന സമ്മേളനത്തിൻെറ
പൊതുചർച്ചയിലും പിണറായിക്കെതിരെ ഒരു എതിർ ശബ്ദംപോലും ഉയർന്നില്ലെന്ന് മാത്രമല്ല, പുകഴ്ത്തൽ
ആയിരുന്നു കണ്ടത്. എന്നാൽ പിണറായിക്ക് കിട്ടിയ ഈ ആനുകൂല്യം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്
ലഭിച്ചില്ല. സംസ്ഥാന സെക്രട്ടറിയെ നിർത്തിപ്പൊരിച്ച പ്രതിനിധികൾ നിർത്തിപ്പൊരിച്ചു.മന്ത്രിമാർക്കെതിരെ
വിമർശനം വന്നപ്പോഴു പിണറായി അതിനെല്ലാം
അതീതനായി നിൽക്കുന്നതിനും കൊല്ലം സമ്മേളനം സാക്ഷ്യം വഹിച്ചു..നയരേഖയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനും വികസന പദ്ധതികളിൽ നിന്ന് സെസ് പിരിക്കാനുമുളള നയം മാറ്റത്തിന് അനുമതി
സർക്കാരിനും മുഖ്യമന്ത്രിക്കും സംസ്ഥാന സമ്മേളനം അനുമതി നൽകി.ഇതിൽ നിന്നെല്ലാം ഒരു കാര്യം
വ്യക്തം 2026ലെ നിയമസഭാ തിരഞ്ഞടുപ്പിലും പിണറായി തന്നെ പാർട്ടിയെയും മുന്നണിയേയും
നയിക്കും. അദ്ദേഹം ആഗ്രഹിക്കുമ്പോഴല്ലാതെ ഒരു മാറ്റത്തിനും ആർക്കും കഴിയില്ലെന്ന് കൂടി ഉറപ്പിച്ചാണ്
കൊല്ലം സമ്മേളനം സമാപിക്കുന്നത്. പിണറായിക്ക് ശേഷം മാത്രം പ്രളയമുണ്ടായേക്കും, രണ്ടാമന്മാര്‍ക്ക് ഈ സൗജന്യമുണ്ടാവില്ലെന്ന സൂചനയും ഈ സമ്മേളനം നല്‍കുന്നു.