തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത ഭൂരിഭാഗം കേസുകളിലും മൊഴി നൽകാൻ പരാതിക്കാർ തയാറാകാത്തതോടെ കേസുകളിൽ അന്വേഷണസാധ്യതയില്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. 35 കേസുകളിൽ 30 കേസുകളും ഇത്തരത്തിൽ എഴുതിത്തള്ളേണ്ടിവരുമെന്നാണ് വിവരം.
പ്രത്യേക അന്വേഷണസംഘം നിലവിൽ 80 കേസുകളാണ് എടുത്തത്. ഇതിൽ ഹേമ കമ്മിറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 35 കേസുകളും കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച പരാതികളിൽ മറ്റു കേസുകളും റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നേരിട്ട് പരാതിപ്പെട്ട കേസുകളിൽ കുറ്റപത്രവുമായി മുന്നോട്ടുപോകാനുമാണ് പൊലീസിന്റെ ആലോചന. കമ്മിറ്റിയോട് ദുരനുഭവം വെളിപ്പെടുത്തിയവരെ പൊലീസ് പലതവണ വിളിച്ചെങ്കിലും ആരും മൊഴി നൽകാൻ തയാറല്ല. നിർബന്ധിച്ച് മൊഴിയെടുക്കരുതെന്നു ഹൈക്കോടതിയും അന്വേഷണസംഘത്തിന് നിർദേശം നൽകിയിരുന്നു.
ആറ് വർഷം മുൻപാണ് ഹേമ കമ്മിറ്റിയോട് കാര്യങ്ങൾ പറഞ്ഞത്. അന്നത്തെ സാഹചര്യം മാറി, കേസിന് താൽപര്യമില്ലെന്നുമാണ് പലരുടെയും മറുപടി. അവസാന വഴിയെന്ന നിലയിൽ മൊഴി ആവശ്യപ്പെട്ട് പൊലീസ് കോടതി വഴി നോട്ടിസ് അയച്ചു. ഇതിനു മറുപടി ലഭിച്ചട്ടില്ല. ഈ മാസവും മറുപടി ലഭിച്ചിട്ടില്ലെങ്കിൽ അന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി നടപടി പൂർത്തിയാക്കാനാണ് തീരുമാനം.