സംസ്ഥാന സമ്മേളനത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്; പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത, ഫേസ്ബുക്ക് പോസ്റ്റിൽ അതൃപ്തി

Advertisement

പത്തനംതിട്ട: സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഇറങ്ങിപ്പോക്കില്‍ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത. ഇറങ്ങിപ്പോക്കിലും, തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിന് കടുത്ത അതൃപ്തി. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും. അതേസമയം, പത്മകുമാര്‍ പാര്‍ട്ടി വിടില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.

സിപിഎം സംസ്ഥാന സമിതിയിൽ എടുത്തില്ല എന്ന കാരണത്താലാണ് എ പത്മകുമാർ അതൃപ്തി പരസ്യമാക്കിയത്. എന്നാൽ മുതിർന്ന നേതാവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും രം​ഗത്തെത്തി. പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞു. എ പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. അത്തരത്തിൽ ഒട്ടേറെ ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

അതൃപ്തി പരസ്യമാക്കി പൊതുസമ്മേളനത്തിൽ പങ്കെടുക്കാതെയാണ് പത്മകുമാർ കൊല്ലത്ത് നിന്ന് മടങ്ങിയത്. ഉച്ചഭക്ഷണത്തിന് നിൽക്കാതെയാണ് പത്മകുമാർ പ്രതിഷേധിച്ച് കൊല്ലം വിട്ടത്. ‘ചതിവ് വഞ്ചന അവഹേളനം’ എന്ന് പത്മകുമാർ ഫേസ് ബുക്കിൽ കുറിച്ചു. ‘ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നായിരുന്നു പത്മകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം പിൻവലിച്ചു. സംസ്‌ഥാന കമ്മിറ്റിയിലേക്ക് എടുക്കുമ്പോൾ കഴിഞ്ഞ കാലത്തെ സമര, സംഘടന പ്രവർത്തനങ്ങളും കണക്കിലെടുക്കണമായിരുന്നുവെന്ന് പത്മകുമാർ പ്രതികരിച്ചു. ഇന്നല്ലെങ്കിൽ നാളെ പാർട്ടിക്ക് ബോധ്യപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here