കൊല്ലം. സിപിഐഎമ്മിൻ്റെ ചരിത്രത്തിലാദ്യമായി മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദന്റെ പേരില്ലാതെ സംസ്‌ഥാന കമ്മിറ്റി പാനലാണ് ഇത്തവണത്തേത്. ആരോഗ്യകാരണങ്ങളാൽ വിശ്രമിക്കുന്ന വിഎസിനെ കഴിഞ്ഞ കൊച്ചി സംസ്‌ഥാന സമ്മേളനത്തിൽ സംസ്‌ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയെങ്കിൽ ഇക്കുറി അതുമില്ല.
1964ൽ അവിഭക്ത കമ്യൂണിസ്‌റ്റ് പാർട്ടി യുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിക്കാൻ നേതൃത്വം നൽകിയവരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്.
പ്രായപരിധി മൂലം കേന്ദ്ര കമ്മിറ്റിയിൽനിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നും ഒഴിവാക്കപ്പെടുന്നവരെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കുന്നതായിരുന്നു സമീപകാല സി പി ഐ എം ചരിത്രം. കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെയാണു വി എസിനെ സംസ്ഥാന കമ്മിറ്റിയിൽ നേരത്തെ പ്രത്യേക ക്ഷണിതാവാക്കിയത്.വൈക്കം വിശ്വൻ, പി.കരുണാകരൻ, കെ.ജെ.തോമസ്, എം.എം.മണി, അന്തരിച്ച ആനത്തലവട്ടം ആനന്ദൻ എന്നിവർ ഇതേ മാനദണ്ഡ ത്തിലാണു പ്രത്യേക ക്ഷണിതാക്കളായ തും.എന്നാൽ കൊല്ലം സമ്മേളനത്തിൽ സി പി ഐ എം നിലപാട് മാറ്റി.
വി എസ് , വൈക്കം വിശ്വൻ, പി.കരു ണാകരൻ, കെ.ജെ.തോമസ്, എം.എം.മണി എന്നിവരെ സംസ്ഥാന കമ്മറ്റിയുടെ പാനലിൽ ഉൾപ്പെടുത്തിയില്ല.പാർട്ടി കോൺഗ്രസിനു ശേഷം, സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളെ നിശ്ചയിച്ചാലും അതിൽ വിഎസ് ഉണ്ടാകുമെന്ന് ഉറപ്പില്ല.1995ൽ കൊല്ലത്ത് നടന്ന സംസ്‌ഥാന സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരം സംഘടിപ്പിച്ച് കരുത്തു തെളിയിച്ച വിഭാഗത്തിനു നേതൃത്വം നൽകിയ വിഎസിനെ 3 പതിറ്റാണ്ടുകൾക്കു ശേഷം അതേ കൊല്ലത്തു നടന്ന സമ്മേളനത്തിലൂടെ സംസ്ഥാന കമ്മിറ്റി പാനലിൽനിന്ന് ഒഴിവാക്കിയെനന്നും ശ്രദ്ധേയo.