ഇരിങ്ങാലക്കുട. കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തന്ത്രിമാർക്ക് അഹങ്കാരം പാടില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നടപടി ചട്ട ലംഘനമെന്ന് കെ രാധാകൃഷ്ണൻ എംപിയും പ്രതികരിച്ചു. നിയമനത്തോട് സഹകരിച്ചില്ലെങ്കിൽ തന്ത്രിമാർക്ക് എതിരെ നടപടിക്ക് ഒരുങ്ങുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.
ജാതി വിവേചന വിവാദത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്‌സി. ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ അംഗം വി ഗീത നിർദേശം നൽകി. കഴകം ജോലിയിൽ നിയമിതനായ വി എ ബാലുവിനോട് കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരണം തേടും. ആവശ്യമെങ്കിൽ തന്ത്രിമാർക്ക് എതിരെ നടപടി എടുക്കുമെന്നും ദേവസ്വം ചെയർമാൻ കെ എ ഗോപി.
തന്ത്രിമാർക്കെതിരെ വെള്ളാപ്പള്ളി നടേശന്റെ രൂക്ഷ വിമർശനം. സർവ്വധികാരികളെന്ന അഹങ്കാരം തന്ത്രിമാർക്ക് പാടില്ലെന്നും, സർക്കാർ നിലക്ക് നിർത്തണമെന്നും വെള്ളാപ്പള്ളി നടേശൻ. ജാതിയുടെ അടിസ്ഥാനത്തിലുള്ള മാറ്റി നിർത്തൽ തെറ്റെന്ന് കെ രാധാകൃഷ്ണൻ എം പി.