കൂടുതല്‍ മിണ്ടാതെ കുട്ടികള്‍; പോലീസ് വീണ്ടും മുംബൈയിലേക്ക്, പണത്തിന്റെ ഉറവിടവും പരിശോധിക്കും

Advertisement

മലപ്പുറം : താനൂരില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തുടരന്വേഷണങ്ങള്‍ക്കായി പോലീസ് സംഘം വീണ്ടും മുംബൈയിലേക്ക്.

കുട്ടികള്‍ സന്ദർശിച്ച ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷിക്കാനാണ് പോലീസിന്റെ നീക്കം.

ഇപ്പോഴും സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ തുടരുന്ന പെണ്‍കുട്ടികളെ ഞായറാഴ്ച തിരൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു.

കുട്ടികള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാത്തത് വിവരങ്ങള്‍ വ്യക്തമാകാൻ തടസ്സമാകുന്നുണ്ട്. മുംബൈ യാത്രയില്‍ കുട്ടികളുടെ കൈവശമുണ്ടായിരുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇതുവരെയും വ്യക്തതയുണ്ടായിട്ടില്ല.

രക്ഷിതാക്കളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നതില്‍ എന്തെങ്കിലും പ്രയാസമോ പരിഭ്രമമോ കുട്ടികള്‍ക്കില്ല. കുട്ടികളെ രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കുന്നതിന് മുൻപായി രക്ഷിതാക്കള്‍ക്ക് കൂടി കൗണ്‍സലിങ് നടത്തും.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അക്ബർ റഹീമിനെ 21 ദിവസം റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലേക്ക് ഉടൻ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം.

കുട്ടികളുമായി നാലുമാസം മുൻപ് മാത്രം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാള്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ അടുക്കുകയായിരുന്നൂവെന്നാണ് ഇവർ തമ്മില്‍ കൈമാറിയ ഫോട്ടോകളും ചാറ്റുകളും വ്യക്തമാക്കുന്നത്.

സംഭവത്തില്‍ പുറമേനിന്നുള്ള മറ്റാർക്കും ബന്ധമില്ലെന്നുതന്നെയാണ് ഇപ്പോഴും പോലീസിന്റെ പ്രാഥമിക നിഗമനം. മുംബൈ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ മറ്റു ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാകൂ.

Advertisement